---
title: "ബഹ്‌റൈനിൽ ബോംബാക്രമണത്തിന്റെ വ്യാജ ചിത്രം എ.ഐ വഴി നിർമ്മിച്ച് പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ"
english_title: "Man arrested for spreading fake image of Bahrain bombing using AI"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345762/man-arrested-for-spreading-fake-image-of-bahrain-bombing-using-ai"
published_at: "2026-03-05T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a940a062a69_Man_arrested_for_spreading_fake_image_of_Bahrain_bombing_using_AI.jpg"
keywords: []
---

# ബഹ്‌റൈനിൽ ബോംബാക്രമണത്തിന്റെ വ്യാജ ചിത്രം എ.ഐ വഴി നിർമ്മിച്ച് പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

> **Lead Summary:** മനാമ: ബഹ്‌റൈനിലെ ജനവാസ മേഖലയിൽ ബോംബാക്രമണം നടന്നതായി കാണിക്കുന്ന വ്യാജ ചിത്രം നിർമ്മിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവിനെ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇയാൾ ചിത്രം തയാറാക്കിയത്.

## Article Content

മനാമ: ബഹ്‌റൈനിലെ ജനവാസ മേഖലയിൽ ബോംബാക്രമണം നടന്നതായി കാണിക്കുന്ന വ്യാജ ചിത്രം നിർമ്മിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച യുവാവിനെ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇയാൾ ചിത്രം തയാറാക്കിയത്.

പ്രതിയെ റിമാൻഡ് ചെയ്തതായി സൈബർ ക്രൈം പ്രോസിക്യൂഷൻ മേധാവി അറിയിച്ചു. രാജ്യത്ത് നിലനിൽക്കുന്ന അസാധാരണ സാഹചര്യം മുതലെടുത്ത്, ഒരു താമസസ്ഥലത്ത് വലിയ രീതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ചിത്രമാണ് പ്രതി നിർമിച്ചത്.

ഏകദേശം 15,000 ഫോളോവേഴ്സ് ഉള്ള തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ഇയാൾ ഇത് പങ്കുവെച്ചത്. ചിത്രം വ്യാപകമായി പ്രചരിച്ചതോടെ പൊതുജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള ഭീതിയും ആശങ്കയും പടർന്നു.

പ്രോസിക്യൂഷൻ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ഇയാൾ ഉപയോഗിച്ച മൊബൈൽ ഫോൺ വിദഗ്ധ പരിശോധനയ്ക്കായി സൈബർ വിഭാഗം പിടിച്ചെടുത്തു. രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്നതോ പൊതുജനങ്ങളിൽ ഭീതി പരത്തുന്നതോ ആയ വ്യാജ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

ബഹ്‌റൈൻ പീനൽ കോഡിലെ ആർട്ടിക്കിൾ 169 പ്രകാരം, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് രണ്ട് വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാം. സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത് സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345762/man-arrested-for-spreading-fake-image-of-bahrain-bombing-using-ai)