---
title: "ഖത്തറിൽ അതീവ ജാഗ്രത; രാജ്യത്ത് സുരക്ഷാ മുന്നറിയിപ്പ് കർശനമാക്കി ആഭ്യന്തര മന്ത്രാലയം"
english_title: "Extreme alert; Safety advice to the public as the conflict continues"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/345937/extreme-alert-safety-advice-to-the-public-as-the-conflict-continues-new"
published_at: "2026-03-06T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aa646deef4f_qtr.jpg"
keywords: []
---

# ഖത്തറിൽ അതീവ ജാഗ്രത; രാജ്യത്ത് സുരക്ഷാ മുന്നറിയിപ്പ് കർശനമാക്കി ആഭ്യന്തര മന്ത്രാലയം

> **Lead Summary:** **ദോഹ: **രാജ്യത്തെ നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് പൗരന്മാർക്കും പ്രവാസികൾക്കും കർശന സുരക്ഷാ ജാഗ്രതാ നിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. സുരക്ഷാ ഭീഷണികൾ മുൻനിർത്തി രാജ്യത്തെ ജാഗ്രതാ നില ഉയർത്തിയതായും പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്നും മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

## Article Content

**ദോഹ: **രാജ്യത്തെ നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് പൗരന്മാർക്കും പ്രവാസികൾക്കും കർശന സുരക്ഷാ ജാഗ്രതാ നിർദ്ദേശങ്ങളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. സുരക്ഷാ ഭീഷണികൾ മുൻനിർത്തി രാജ്യത്തെ ജാഗ്രതാ നില ഉയർത്തിയതായും പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്നും മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

പ്രധാന നിർദ്ദേശങ്ങൾ

*വീടിനുള്ളിൽ കഴിയുക: അനാവശ്യമായ പുറത്തിറങ്ങലുകൾ ഒഴിവാക്കി ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ സുരക്ഷിതരായിരിക്കണം. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കുകയും കുട്ടികളെ വീടിനുള്ളിൽ തന്നെ ഇരുത്തുകയും വേണം.*

*ജനാലകളിൽ നിന്ന് അകലം പാലിക്കുക: കെട്ടിടങ്ങളുടെ ജനാലകൾക്കും വാതിലുകൾക്കും സമീപമോ തുറസ്സായ സ്ഥലങ്ങളിലോ നിൽക്കരുതെന്ന് മ*ന്ത്രാലയം പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.

*മൊബൈൽ അലേർട്ടുകൾ ശ്രദ്ധിക്കുക: സർക്കാരിന്റെ ഔദ്യോഗിക 'ഏർളി വാണിംഗ് സിസ്റ്റം' വഴി മൊബൈലിൽ ലഭിക്കുന്ന സന്ദേശങ്ങൾ കൃത്യമായി പാലിക്കുക.*

*അപരിചിത വസ്തുക്കളിൽ തൊടരുത്: റോഡുകളിലോ പരിസരത്തോ കാണപ്പെടുന്ന അവശിഷ്ടങ്ങളോ സംശയാസ്പദമായ വസ്തുക്കളോ സ്പർശിക്കാൻ പാടില്ല. ഇത്തരം വസ്തുക്കൾ കണ്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ ബന്ധപ്പെടണം.*

*വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്: വ്യാജ വാർത്തകളോ ദൃശ്യങ്ങളോ പ്രചരിപ്പിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക. സോഷ്യൽ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങൾ ശിക്ഷാർഹമാണ്.*

*അപകടസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കരുത്: അപകടസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നതുമൂലം അധികൃതരുടെ ജോലി തടസ്സപ്പെടുത്തുന്നതിനും അടിയന്തര രക്ഷാപ്രവർത്തനങ്ങൾ വൈകുന്നതിനും കാരണമാകും.*

*അപകടങ്ങളുടെയോ രക്ഷാപ്രവർത്തനങ്ങളുടെയോ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നതും സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നതും ശിക്ഷാർഹമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം പ്രവൃത്തികൾക്ക്‌ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.*

*നിലവിലെ സാഹചര്യത്തിലും മന്ത്രാലയത്തിന്റെ വിവിധ സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, നേരിട്ടുള്ള സന്ദർശനം ഒഴിവാക്കി മെട്രാഷ് 2 ആപ്പ് വഴി സേവനങ്ങൾ പ്രയോജനപ്പെടുത്താൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. രാജ്യത്തെ നിയമങ്ങൾ പാലിച്ച് അധികൃതരുമായി സഹകരിക്കണമെന്ന് ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.*

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/345937/extreme-alert-safety-advice-to-the-public-as-the-conflict-continues-new)