---
title: "പശ്ചിമേഷ്യൻ സംഘർഷം: ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു; വിമാന സർവീസുകൾ അടിയന്തര പാതകൾ വഴി"
english_title: "Qatar airspace partially reopens; flights operate via emergency lanes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346211/qatar-airspace-partially-reopens-flights-operate-via-emergency-lanes"
published_at: "2026-03-07T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abd946dc9c6_flights_operate_via_emergency_lanes.jpg"
keywords: []
---

# പശ്ചിമേഷ്യൻ സംഘർഷം: ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു; വിമാന സർവീസുകൾ അടിയന്തര പാതകൾ വഴി

> **Lead Summary:** ദോഹ: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് നിയന്ത്രണമേർപ്പെടുത്തിയിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു. വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിച്ചതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി വെള്ളിയാഴ്ചയാണ് അറിയിച്ചത്. സായുധ സേനയുമായും മറ്റ് സുരക്ഷാ വകുപ്പുകളുമായും ഏകോപിപ്പിച്ചാണ് നടപടി. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്, മുൻകൂട്ടി നിശ്ചയിച്ച അടിയന്തര പാതകൾ വഴിയാണ് വിമാനങ്ങൾ സർവീസ് നടത്തുക.

## Article Content

ദോഹ: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് നിയന്ത്രണമേർപ്പെടുത്തിയിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു. വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിച്ചതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി വെള്ളിയാഴ്ചയാണ് അറിയിച്ചത്. സായുധ സേനയുമായും മറ്റ് സുരക്ഷാ വകുപ്പുകളുമായും ഏകോപിപ്പിച്ചാണ് നടപടി. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്, മുൻകൂട്ടി നിശ്ചയിച്ച അടിയന്തര പാതകൾ വഴിയാണ് വിമാനങ്ങൾ സർവീസ് നടത്തുക.

കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള പരിമിതമായ വിമാനങ്ങൾക്കും ചരക്ക് വിമാനങ്ങൾക്കും മാത്രമാണ് നിലവിൽ അനുമതിയുള്ളത്. ദോഹയിലേക്കും തിരിച്ചുമുള്ള സാധാരണ ഷെഡ്യൂൾഡ് വിമാനങ്ങളുടെ സർവീസ് ഇപ്പോഴത്തെ അറിയിപ്പിൽ ഉൾപ്പെടുന്നില്ല. വ്യോമപാത പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ മാത്രമേ പതിവ് സർവീസുകൾ ആരംഭിക്കൂ. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. കൺഫേം ചെയ്ത ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർ തങ്ങളുടെ വിമാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ അതത് വിമാനക്കമ്പനികളുമായി നിരന്തരം ബന്ധപ്പെടണം. സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും മാറ്റങ്ങൾ യഥാസമയം പൊതുജനങ്ങളെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346211/qatar-airspace-partially-reopens-flights-operate-via-emergency-lanes)