---
title: "ശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി; പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ"
english_title: "Public Prosecution demands death penalty for accused of spying for enemy country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/346862/public-prosecution-demands-death-penalty-for-accused-of-spying-for-enemy-country"
published_at: "2026-03-10T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b001b77f8f3_bahrain1.jpg"
keywords: []
---

# ശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി; പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

> **Lead Summary:** **മനാമ: [** ശത്രുരാജ്യവുമായി ചേർന്ന് രാജ്യത്തിന് നേരെ ഗൂഢാലോചന നടത്തിയെന്നാരോപിക്കപ്പെടുന്ന കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈൻ പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഈ കുറ്റകൃത്യം ബഹ്‌റൈനെതിരായ ഗുരുതരമായ രാജ്യദ്രോഹമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾക്കിടെയാണ് പ്രോസിക്യൂഷൻ ഈ ആവശ്യമുന്നയിച്ചത്.

## Article Content

**മനാമ: [** ശത്രുരാജ്യവുമായി ചേർന്ന് രാജ്യത്തിന് നേരെ ഗൂഢാലോചന നടത്തിയെന്നാരോപിക്കപ്പെടുന്ന കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈൻ പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഈ കുറ്റകൃത്യം ബഹ്‌റൈനെതിരായ ഗുരുതരമായ രാജ്യദ്രോഹമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾക്കിടെയാണ് പ്രോസിക്യൂഷൻ ഈ ആവശ്യമുന്നയിച്ചത്.

ഇറാൻ ബഹ്‌റൈനിന് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കേസെന്ന് പ്രോസിക്യൂഷൻ വാദിച്ചു. രാജ്യം വലിയൊരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ജനങ്ങൾ ഭയത്തിലും സമ്മർദത്തിലുമായിരിക്കെ, രാജ്യത്തെ സംരക്ഷിക്കാനും ക്രമസമാധാനം നിലനിർത്താനും ഭരണകൂടം പരമാവധി ശ്രമിക്കുമ്പോൾ, ചിലർ ശത്രുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഭീകര സംഘടനകളുമായി ബന്ധം സ്ഥാപിച്ച് രാജ്യത്തിനെതിരെ പ്രവർത്തിക്കാൻ പ്രതികൾ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.

കൂടാതെ, രാജ്യത്തിന്‍റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തുക എന്ന ലക്ഷ്യത്തോടെ, ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ള സ്ഥലങ്ങളിൽ പ്രതികൾ ഫോട്ടോ എടുത്തതായും കോടതിയിൽ ബോധിപ്പിച്ചു. രാജ്യത്തിന്‍റെ സുരക്ഷയും പരമാധികാരവുമാണ് എല്ലാറ്റിനും ഉപരിയെന്നും, രാജ്യത്തോടുള്ള കൂറ് ഒരു തരത്തിലുള്ള വിലപേശലിനും വിധേയമല്ല. പ്രതികളുടെ പ്രവൃത്തികളെ നിസാരമായി കാണാനാകില്ലെന്നും, നിയമപ്രകാരം ഏറ്റവും കടുത്ത ശിക്ഷയായ വധശിക്ഷ അർഹിക്കുന്ന കുറ്റമാണിതെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

രാജ്യത്തിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും, രാജ്യത്തെ ഒറ്റിക്കൊടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമം കർശനമായി നടപ്പിലാക്കുമെന്നും കോടതിയിൽ പ്രോസിക്യൂഷൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/346862/public-prosecution-demands-death-penalty-for-accused-of-spying-for-enemy-country)