---
title: "കുവൈത്തിന് നേരെ വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണം; ആകാശത്ത് വെച്ച് തകർത്ത് പ്രതിരോധ സേന - രാജ്യം അതീവ ജാഗ്രതയിൽ!"
english_title: "Another attack on Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/347234/another-attack-on-kuwait"
published_at: "2026-03-12T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b27604be6f2_news10.jpg"
keywords: []
---

# കുവൈത്തിന് നേരെ വീണ്ടും ബാലിസ്റ്റിക് മിസൈൽ ആക്രമണം; ആകാശത്ത് വെച്ച് തകർത്ത് പ്രതിരോധ സേന - രാജ്യം അതീവ ജാഗ്രതയിൽ!

> **Lead Summary:** **കുവൈത്ത് സിറ്റി: [ **കുവൈത്തിന്റെ വ്യോമപരിധി ലംഘിച്ചെത്തിയ ബാലിസ്റ്റിക് മിസൈലിനെ രാജ്യത്തിന്റെ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു. തെക്കൻ കുവൈത്ത് ലക്ഷ്യമാക്കി നീങ്ങിയ മിസൈലിനെയാണ് സായുധ സേന ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചത്.

## Article Content

**കുവൈത്ത് സിറ്റി: [ **കുവൈത്തിന്റെ വ്യോമപരിധി ലംഘിച്ചെത്തിയ ബാലിസ്റ്റിക് മിസൈലിനെ രാജ്യത്തിന്റെ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു. തെക്കൻ കുവൈത്ത് ലക്ഷ്യമാക്കി നീങ്ങിയ മിസൈലിനെയാണ് സായുധ സേന ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചത്.

മിസൈൽ തടയാനായതിനാൽ വൻ നാശനഷ്ടങ്ങൾ ഒഴിവായതായി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അൽ-ഒതൈബാൻ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ സൈന്യം അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, കുവൈത്തിന് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ-സബാഹ് രൂക്ഷമായി വിമർശിച്ചു. അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനെയും ലംഘിക്കുന്ന ഇത്തരം നീക്കങ്ങൾ കുവൈത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഈ യുദ്ധത്തിൽ കുവൈത്ത് ഒരു കക്ഷിയല്ലെന്നും ഒരു തരത്തിലുള്ള സൈനിക നീക്കങ്ങൾക്കും തങ്ങളുടെ മണ്ണ് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ 234 ബാലിസ്റ്റിക് മിസൈലുകളും 423 ഡ്രോണുകളും ഒരു ക്രൂയിസ് മിസൈലും കുവൈത്ത് സേന വെടിവെച്ചിട്ടതായി പ്രധാനമന്ത്രി വെളിപ്പെടുത്തി.

വിമാനത്താവളങ്ങൾ, എണ്ണ ശുദ്ധീകരണ ശാലകൾ തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളെയും ജനവാസ മേഖലകളെയുമാണ് ഇറാൻ ലക്ഷ്യം വെക്കുന്നത്. ഇത്തരം ആക്രമണങ്ങളിൽ ഇതുവരെ ഒരു കുട്ടിയടക്കം ആറ് പേർക്ക് ജീവൻ നഷ്ടമാവുകയും 91 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/347234/another-attack-on-kuwait)