---
title: "24 മണിക്കൂറിനുള്ളിൽ രാജ്യം വിടണം; ഇറാനിയൻ മിലിട്ടറി അറ്റാഷെ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി വിദേശകാര്യ മന്ത്രാലയം"
english_title: "Saudi Foreign Ministry expels five officials, including Iranian military attaché"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349089/saudi-foreign-ministry-expels-five-officials-including-iranian-military-attach"
published_at: "2026-03-22T12:00:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/69bf8d8563e34_Saudi_Foreign_Ministry_expels_five_officials,_including_Iranian_military_attach.jpg"
keywords: []
---

# 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണം; ഇറാനിയൻ മിലിട്ടറി അറ്റാഷെ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി വിദേശകാര്യ മന്ത്രാലയം

> **Lead Summary:** റിയാദ്: സൗദി അറേബ്യയുടെ പരമാധികാരത്തിന് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ കടന്നുകയറ്റങ്ങളിൽ പ്രതിഷേധിച്ച് റിയാദിലെ അഞ്ച് ഇറാനിയൻ ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി. ഇറാനിയൻ മിലിട്ടറി അറ്റാഷെ, അസിസ്റ്റന്റ് മിലിട്ടറി അറ്റാഷെ എന്നിവരുൾപ്പെടെയുള്ള അഞ്ച് ഉദ്യോഗസ്ഥരോടാണ് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ സൗദി വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഉത്തരവിട്ടത്.

## Article Content

റിയാദ്: സൗദി അറേബ്യയുടെ പരമാധികാരത്തിന് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ കടന്നുകയറ്റങ്ങളിൽ പ്രതിഷേധിച്ച് റിയാദിലെ അഞ്ച് ഇറാനിയൻ ഉദ്യോഗസ്ഥരെ സൗദി അറേബ്യ പുറത്താക്കി. ഇറാനിയൻ മിലിട്ടറി അറ്റാഷെ, അസിസ്റ്റന്റ് മിലിട്ടറി അറ്റാഷെ എന്നിവരുൾപ്പെടെയുള്ള അഞ്ച് ഉദ്യോഗസ്ഥരോടാണ് 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ സൗദി വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഉത്തരവിട്ടത്.

ഇറാൻ ഉദ്യോഗസ്ഥരെ 'പെർസോണ നോൺ ഗ്രാറ്റ' അഥവാ 'അസ്വീകാര്യരായ വ്യക്തികൾ' ആയി പ്രഖ്യാപിച്ചാണ് ഈ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇറാന്റെ ഇടപെടലുകൾ ഇനി വെച്ചുപൊറുപ്പിക്കില്ലെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി.

സൗദിയുടെ സിവിൽ അടിസ്ഥാന സൗകര്യങ്ങൾക്കും സാമ്പത്തിക താൽപ്പര്യങ്ങൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ രാജ്യാന്തര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും ലംഘനമാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2023-ൽ ചൈനയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച ബീജിംഗ് കരാറിലെ വ്യവസ്ഥകളും 2026-ലെ യുഎൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയവും ഇറാൻ ലംഘിച്ചതായി സൗദി കുറ്റപ്പെടുത്തി.

ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സൗദി ആവർത്തിച്ചു. അയൽരാജ്യങ്ങളോടുള്ള മര്യാദ ഇറാൻ ലംഘിച്ചതായും സൗദി ആരോപിച്ചു. മാർച്ച് 9-ന് നൽകിയ മുന്നറിയിപ്പ് സൗദി വീണ്ടും ഓർമ്മിപ്പിച്ചു. ആക്രമണങ്ങൾ തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിക്കുമെന്നും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349089/saudi-foreign-ministry-expels-five-officials-including-iranian-military-attach)