---
title: "വിദേശികൾക്ക് ആശ്വാസം: വിസ കാലാവധി ഏപ്രിൽ 18 വരെ നീട്ടി നൽകാൻ സൗദി ആഭ്യന്തര മന്ത്രാലയം"
english_title: "Relief for foreigners: Saudi Ministry of Interior extends visa validity until April 18"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349677/relief-for-foreigners-saudi-ministry-of-interior-extends-visa-validity-until-april-18-"
published_at: "2026-03-25T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3ba76e4b64_hfx.jpg"
keywords: []
---

# വിദേശികൾക്ക് ആശ്വാസം: വിസ കാലാവധി ഏപ്രിൽ 18 വരെ നീട്ടി നൽകാൻ സൗദി ആഭ്യന്തര മന്ത്രാലയം

> **Lead Summary:** **റിയാദ്: **മേഖലയിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത്, വിസ കാലാവധി കഴിഞ്ഞ വിദേശികൾക്കായി പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഫെബ്രുവരി 25 (1447 റമദാൻ എട്ട്​) മുതൽ വിസ കാലാവധി അവസാനിച്ചവർക്ക്​ ഏപ്രിൽ 18 വരെ വിസ കാലാവധി ദീർഘിപ്പിക്കാം.

## Article Content

**റിയാദ്: **മേഖലയിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത്, വിസ കാലാവധി കഴിഞ്ഞ വിദേശികൾക്കായി പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. ഫെബ്രുവരി 25 (1447 റമദാൻ എട്ട്​) മുതൽ വിസ കാലാവധി അവസാനിച്ചവർക്ക്​ ഏപ്രിൽ 18 വരെ വിസ കാലാവധി ദീർഘിപ്പിക്കാം.

വിസിറ്റ് വിസകൾ (എല്ലാ വിഭാഗവും), ഉംറ, ട്രാൻസിറ്റ്, ഫൈനൽ എക്സിറ്റ് വിസകൾ കൈവശമുള്ളവർക്ക് രണ്ട് രീതികളിലാണ്​ ഇളവ്​ ആനുകൂല്യം ലഭിക്കുക. ഫെബ്രുവരി 25 മുതൽ കാലാവധി കഴിഞ്ഞ വിസകൾ, സ്പോൺസറുടെ അപേക്ഷ പ്രകാരം ഏപ്രിൽ 18 (1447 ദുൽ ഖഅദ് ഒന്ന്​) വരെ ദീർഘിപ്പിക്കാൻ സാധിക്കും. ഇതിനായി ‘അബ്ഷിർ’ പ്ലാറ്റ്‌ഫോം വഴി നിശ്ചിത ഫീസ് അടച്ച് നടപടികൾ പൂർത്തിയാക്കാവുന്നതാണ്.

വിസ കാലാവധി കഴിഞ്ഞവർക്ക് വിസ ദീർഘിപ്പിക്കുകയോ, അധിക ഫീസോ പിഴയോ അടയ്ക്കുകയോ ചെയ്യാതെ തന്നെ സൗദിയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി നേരിട്ട് സ്വദേശങ്ങളിലേക്ക് മടങ്ങാനാവും. ഈ ആനുകൂല്യം മുകളിൽ പറഞ്ഞ തീയതി മുതൽ വിസ കാലാവധി കഴിഞ്ഞവർക്ക് മാത്രമാണ് ലഭ്യമാകുക.

ഈ ആനുകൂല്യത്തിന് അർഹരായവർ 2026 ഏപ്രിൽ 18-ന് മുൻപായി രാജ്യം വിടണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേകം ഓർമിപ്പിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ മടങ്ങാത്തവർക്കെതിരെ രാജ്യത്തെ നിലവിലുള്ള നിയമമനുസരിച്ചുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349677/relief-for-foreigners-saudi-ministry-of-interior-extends-visa-validity-until-april-18-)