---
title: "ആണവ വികിരണ ഭീഷണിയില്ല; കുവൈത്ത് സുരക്ഷിതമെന്ന് നാഷണൽ ഗാർഡ്"
english_title: "There is no threat of nuclear radiation; National Guard says Kuwait is safe"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349688/there-is-no-threat-of-nuclear-radiation-national-guard-says-kuwait-is-safe"
published_at: "2026-03-25T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3c5eec3f9c_National_Guard_says_Kuwait_is_safe.jpg"
keywords: []
---

# ആണവ വികിരണ ഭീഷണിയില്ല; കുവൈത്ത് സുരക്ഷിതമെന്ന് നാഷണൽ ഗാർഡ്

> **Lead Summary:** കുവൈത്ത്: അയൽരാജ്യങ്ങളിൽ നിന്നുള്ള ആണവ വികിരണം കുവൈത്തിന് യാതൊരുവിധ ഭീഷണിയും ഉയർത്തുന്നില്ലെന്ന് കുവൈത്ത് നാഷണൽ ഗാർഡ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആശങ്കകൾക്ക് മറുപടിയായി പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

## Article Content

കുവൈത്ത്: അയൽരാജ്യങ്ങളിൽ നിന്നുള്ള ആണവ വികിരണം കുവൈത്തിന് യാതൊരുവിധ ഭീഷണിയും ഉയർത്തുന്നില്ലെന്ന് കുവൈത്ത് നാഷണൽ ഗാർഡ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ആശങ്കകൾക്ക് മറുപടിയായി പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

പ്രദേശത്തെ നിലവിലെ സാഹചര്യങ്ങളെ തുടർന്ന് ആണവ വികിരണ സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് നാഷണൽ ഗാർഡിന്റെ വിശദീകരണം. കുവൈത്തിന് ഏറ്റവും അടുത്തുള്ള ആധുനിക ആണവ റിയാക്ടർ 240 കിലോമീറ്ററിലധികം അകലെയാണെന്നും ആ ദൂരം കാരണം ഏതെങ്കിലും തരത്തിലുള്ള പ്രതികൂല സ്വാധീനം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും അധികൃതർ വ്യക്തമാക്കി. വികിരണ വസ്തുക്കൾ ഭൂരിഭാഗവും കുവൈത്തിന്റെ അതിർത്തിയിലെത്തുന്നതിന് മുമ്പ് തന്നെ നശിപ്പിക്കപ്പെടുന്നുണ്ടെന്നും അതിനാൽ രാജ്യത്തിന് അപകടം സംഭവിക്കില്ലെന്നും നാഷണൽ ഗാർഡ് അറിയിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പൗരന്മാരും പ്രവാസികളും അനാവശ്യമായ ആശങ്കകൾ ഒഴിവാക്കി ശാന്തത പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

പ്രാദേശിക സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും ജനങ്ങളുടെ സുരക്ഷയും തയ്യാറെടുപ്പും ഉറപ്പാക്കുന്നതിൽ കുവൈത്ത് പ്രതിബദ്ധമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. അടിയന്തര സാഹചര്യം ഉണ്ടായാൽ പിന്തുടരേണ്ട പൊതുസുരക്ഷാ നിർദ്ദേശങ്ങളും അധികൃതർ പങ്കുവച്ചു. വീടിനുള്ളിൽ തുടരുക, ജനലുകളും തുറവുകളും അടച്ചിടുക, സർക്കാർ ചാനലുകൾ വഴി ലഭിക്കുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കുക തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങളാണ് നൽകിയത്.

അന്താരാഷ്ട്ര ആണവോർജ ഏജൻസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് കുവൈത്ത് നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു. ഇവയെല്ലാം മുൻകരുതൽ നടപടികളുടെ ഭാഗമായാണെന്നും രാജ്യത്തെ എല്ലാവരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായുള്ള സജീവമായ നടപടികളാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഇറാന്‍റെ ന്യൂക്ലിയർ ഫെസിലിറ്റികളിൽ അമേരിക്കയും ഇസ്രേയേലും ആക്രമിച്ചെന്ന റിപ്പോർട്ടിനെത്തുടർന്നാണ് നാഷണൽ ഗാർഡ് പ്രസ്താവനയിറക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349688/there-is-no-threat-of-nuclear-radiation-national-guard-says-kuwait-is-safe)