---
title: "പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവ്; ഖത്തറിൽ പൊതുപരിപാടികൾക്ക് നിയന്ത്രണങ്ങളോടെ അനുമതി"
english_title: "West Asian tensions ease Public events allowed in Qatar with restrictions"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/349761/west-asian-tensions-ease-public-events-allowed-in-qatar-with-restrictions"
published_at: "2026-03-26T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c4bb3197e3f_qatar.jpg"
keywords: []
---

# പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവ്; ഖത്തറിൽ പൊതുപരിപാടികൾക്ക് നിയന്ത്രണങ്ങളോടെ അനുമതി

> **Lead Summary:** [ സംഘര്‍ഷങ്ങള്‍ക്ക് നേരിയ അയവ് വന്നതോടെ ഖത്തറില്‍ പൊതുപരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കി. നിലവിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും തുറസ്സായ സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ അനുമതി നല്‍കി. എന്നാല്‍ എല്ലാ പരിപാടികള്‍ക്കും മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

## Article Content

[ സംഘര്‍ഷങ്ങള്‍ക്ക് നേരിയ അയവ് വന്നതോടെ ഖത്തറില്‍ പൊതുപരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കി. നിലവിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും തുറസ്സായ സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ അനുമതി നല്‍കി. എന്നാല്‍ എല്ലാ പരിപാടികള്‍ക്കും മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

അയല്‍രാജ്യങ്ങളില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുന്‍ഗണനയെന്ന് മന്ത്രാലയം വ്യക്തമാക്കി. അനാവശ്യ ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

അതിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം തുടരുകയാണ് ഇറാന്‍. കുവൈറ്റ് വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഇന്ധന ടാങ്കിന് തീപിടിച്ചു. സൗദി അറേബ്യയില്‍ രണ്ട് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ഒമ്പത് ഡ്രോണുകള്‍ ഇന്ന് തകര്‍ത്തയായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ ആക്രമണങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിരോധമാണ് ജിസിസി രാജ്യങ്ങള്‍ തീര്‍ക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ആക്രമണങ്ങളുടെ എണ്ണവും നാശനഷ്ടങ്ങളുടെ തോതും കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിടുകയാണ് ഇറാന്‍. ഇന്ന് പുലര്‍ച്ചെ കുവൈറ്റ് വിമാനത്താവളത്തിന് നേരെ തുടര്‍ച്ചയായി ഡ്രോണ്‍ ആക്രണമുണ്ടായി. ശക്തമായി പ്രതിരോധിക്കാന്‍ സുരക്ഷാ സേനക്ക് കഴിഞ്ഞെങ്കിലും ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് ഇന്ധന ടാങ്കിന് തീപിടിച്ചു. തീ നിയന്ത്രണ വിധേയമാക്കിയതായും ആര്‍ക്കും പരിക്കില്ലെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

മൂന്നാം തവണയാണ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തുന്നത്. സൗദി അറേബ്യയില്‍ റിയാദ് കിഴക്കന്‍ പ്രവിശ്യകള്‍ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ഇന്നത്തെ ആക്രമണം. സുരക്ഷാ സേന തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ വീണ് രണ്ട് വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല.

യുഎഇയുടെ പ്രതിരോധ സംവിധാനം ഇന്ന് ഒമ്പത് ഡ്രേണുകളാണ് തകര്‍ത്തത്. ഇറാന്‍ ആക്രമണം തുടങ്ങിയശേഷം ഇതുവരെ 1815 ഡ്രോണുകളും 15 ക്രൂസ് മിസൈലുകളും 357 ബാലിസ്റ്റിക് മിസൈലുകളും പ്രതിരോധ സേന നേരിട്ടു. ഇറാന്റെ ആക്രമണങ്ങളില്‍ യുഎഇയില്‍ ഇതുവരെ ഒമ്പത് പേര്‍ക്കാണ് ജീവന്‍ നശഷ്ടമായത്. പരിക്കേറ്റവരുടെ എണ്ണം 166 ആയി ഉയര്‍ന്നു.

ബഹ്‌റൈനെ ലക്ഷ്യമാക്കിയും ഇന്നും ഇറാന്റെ മിസൈലുകളും ഡ്രോണുകളും എത്തി. ആക്രമണം ആരംഭിച്ച ശേഷം ഇതുവരെ 331 ഡ്രോണുകളും 153 ബാലിസ്റ്റിക് മിസൈലുകളും ബഹ്‌റൈന്റെ പ്രതിരോധ സംവിധാനം തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് തുടര്‍ച്ചയായി ജാഗ്രതാ നിര്‍ദ്ദേശവും പ്രതിരോധ മന്ത്രാലയം നല്‍കിവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/349761/west-asian-tensions-ease-public-events-allowed-in-qatar-with-restrictions)