ദമാം : (gcc.truevisionnews.com) പ്രമുഖ പ്രവാസി സാമൂഹ്യ പ്രവർത്തകനും കെ.എം.സി.സി നേതാവുമായ കബീർ കൊണ്ടോട്ടി (55) അന്തരിച്ചു. മൂന്ന് പതിറ്റാണ്ടോളമായി ദമാമിലെ ബിസിനസ് രംഗത്ത് സജീവമായിരിക്കെത്തന്നെ, സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലകളിൽ അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പ്രവാസലോകത്തിന് വലിയ നഷ്ടമാണ്. തൊഴിൽ നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെയും പ്രതിസന്ധിയിലായ നൂറുകണക്കിന് പ്രവാസികൾക്ക് താങ്ങും തണലുമായിരുന്ന കബീർ, ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഏവരുടെയും പ്രശ്നങ്ങൾ സ്വന്തം കാര്യമായി ഏറ്റെടുത്തിരുന്നു.
താൻ വിശ്വസിച്ച ഹരിത രാഷ്ട്രീയത്തിന് പ്രവാസ മണ്ണിൽ കരുത്തുപകരുന്നതിനൊപ്പം തന്നെ, നിയമക്കുരുക്കുകളിൽ പെട്ടവരെ സഹായിക്കാനും മരണപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനും അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. എത്ര തിരക്കുകൾക്കിടയിലും ആയിരക്കണക്കിന് വരുന്ന തന്റെ സൗഹൃദങ്ങളെ ചേർത്തുപിടിക്കാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഹസീന (ഭാര്യ),ഫർഹാൻ, ഫർഹാന, ഫർസാന, ഫരീഹ എന്നിവർ മക്കളാണ്.

Content Highlight: Kabir Kondotty expatriate social activist and KMCC leader passes away



































