---
title: "ഇന്നും സൗദിക്ക് നേരെ ഡ്രോൺ ആക്രമണശ്രമം; 10 ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം"
english_title: "Drone attack attempt against Saudi Arabia today; 10 drones destroyed, says Ministry of Defense"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350439/drone-attack-attempt-against-saudi-arabia-today-10-drones-destroyed-says-ministry-of-defense"
published_at: "2026-03-29T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c8f23f550d7_says_Ministry_of_Defense.jpg"
keywords: []
---

# ഇന്നും സൗദിക്ക് നേരെ ഡ്രോൺ ആക്രമണശ്രമം; 10 ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം

> **Lead Summary:** റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമാക്കി ശത്രുരാജ്യം തൊടുത്തുവിട്ട 10 ഡ്രോണുകൾ വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് അതിർത്തി കടന്നുള്ള ആക്രമണശ്രമങ്ങൾ ഉണ്ടായതെന്ന് മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

## Article Content

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമാക്കി ശത്രുരാജ്യം തൊടുത്തുവിട്ട 10 ഡ്രോണുകൾ വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് അതിർത്തി കടന്നുള്ള ആക്രമണശ്രമങ്ങൾ ഉണ്ടായതെന്ന് മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

രാജ്യത്തിന്റെ സുരക്ഷയ്ക്കും സിവിലിയന്മാരുടെ സംരക്ഷണത്തിനും ഭീഷണിയാകുന്ന ഇത്തരം പ്രകോപനങ്ങളെ ശക്തമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണെന്നും ഡ്രോണുകളെല്ലാം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തന്നെ ആകാശത്തുവെച്ച് നശിപ്പിച്ചതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

തുടർച്ചയായ ആക്രമണ ശ്രമങ്ങളെ പ്രതിരോധിക്കുന്നതിൽ സൗദി സേന കൈവരിച്ച വലിയ മുന്നേറ്റമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ശനിയാഴ്ച റിയാദ് മേഖല ലക്ഷ്യമാക്കി വന്ന അഞ്ച്​ ഡ്രോണുകളും ഒരു ബാലിസ്​റ്റിക് മിസൈലും പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തിരുന്നു.

ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ ഏകദേശം 841 ഡ്രോണുകളാണ് സൗദി അറേബ്യ വിജയകരമായി പ്രതിരോധിച്ചത്. ഇതിനുപുറമെ, രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ടെത്തിയ 58 ബാലിസ്​റ്റിക് മിസൈലുകളും ഏഴ്​ ക്രൂയിസ് മിസൈലുകളും വ്യോമസേന തകർത്തു. ഇതിൽ ഭൂരിഭാഗം ആക്രമണങ്ങളും കിഴക്കൻ പ്രവിശ്യയെയും റിയാദിനെയുമാണ് ലക്ഷ്യം വെച്ചിരുന്നത്.

സൗദി വ്യോമസേനയുടെയും എയർ ഡിഫൻസ് ഫോഴ്സി​െൻറയും കൃത്യമായ ഏകോപനമാണ് ജനവാസ മേഖലകൾക്ക് നേരെയുള്ള ഈ വൻ ഭീഷണികളെ ഇല്ലാതാക്കിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350439/drone-attack-attempt-against-saudi-arabia-today-10-drones-destroyed-says-ministry-of-defense)