---
title: "പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി ഡ്രൈവറില്ലാത്ത ടാക്‌സികളിൽ യാത്ര ചെയ്യാം, വാഹനം ബുക്ക് ചെയ്യാൻ അറിയേണ്ടത്"
english_title: "dubai launches self driving taxi services"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350729/dubai-launches-self-driving-taxi-services"
published_at: "2026-03-31T11:13:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb5f1b5d6ba_taxi.jpg"
keywords: []
---

# പ്രവാസികൾക്ക് സന്തോഷവാർത്ത; ഇനി ഡ്രൈവറില്ലാത്ത ടാക്‌സികളിൽ യാത്ര ചെയ്യാം, വാഹനം ബുക്ക് ചെയ്യാൻ അറിയേണ്ടത്

> **Lead Summary:** **ജുമൈറ: [ ** ദുബായിൽ രണ്ടിടങ്ങളിൽ ഉപഭോക്താക്കൾക്കായി സെൽഫ് ഡ്രൈവിംഗ് ടാക്‌സികളുടെ പ്രവർത്തനം ആരംഭിച്ചതായി ആർടിഎ. അപ്പോളോ ഗോ കമ്പനി, വീ റൈഡ് എന്നിവയുമായി സഹകരിച്ച് ഉമ്മു സുഖീമിലും ജുമൈറയിലുമാണ് സേവനം ആരംഭിച്ചിരിക്കുന്നത്. ഊബ‌ർ ആപ്പ് വഴി വീ റൈഡ് വാഹനങ്ങൾ ലഭ്യമാകും.

## Article Content

**ജുമൈറ: [ ** ദുബായിൽ രണ്ടിടങ്ങളിൽ ഉപഭോക്താക്കൾക്കായി സെൽഫ് ഡ്രൈവിംഗ് ടാക്‌സികളുടെ പ്രവർത്തനം ആരംഭിച്ചതായി ആർടിഎ. അപ്പോളോ ഗോ കമ്പനി, വീ റൈഡ് എന്നിവയുമായി സഹകരിച്ച് ഉമ്മു സുഖീമിലും ജുമൈറയിലുമാണ് സേവനം ആരംഭിച്ചിരിക്കുന്നത്. ഊബ‌ർ ആപ്പ് വഴി വീ റൈഡ് വാഹനങ്ങൾ ലഭ്യമാകും.

വാഹനത്തിന്റെ ഇന്ധനം, അറ്റകുറ്റപ്പണികൾ പോലുള്ള പ്രവർത്തനങ്ങളുടെ ചുമതല ടോലൂൾ ഫോർ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. ഡ്രൈവർ ഇല്ലാതെ പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾ അപ്പോളോ ഗോ ആപ്പ് വഴിയും ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാവുന്നതാണ്. ആദ്യഘട്ടത്തിൽ ദുബായിൽ 100 സെൽഫ് ഡ്രൈവിംഗ് ടാക്‌സികളാണ് പ്രവർത്തനമാരംഭിക്കുന്നത്.

വരും വർഷങ്ങളിൽ ഇതിന്റെ എണ്ണം ക്രമേണ വർദ്ധിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്. ലോഞ്ചിംഗിന് മുന്നോടിയായി ദുബായിലുടനീളമുള്ള റോഡുകളിൽ സെൽഫ് ഡ്രൈവിംഗ് ടാക്‌സികൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചിട്ടുണ്ട്. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നൂതന സെൻസിംഗ് സാങ്കേതികവിദ്യകൾ, ഓരോഘട്ടങ്ങളിലും സ്വയം തീരുമാനമെടുക്കാനുള്ള സംവിധാനങ്ങൾ എന്നിവയോടെയാണ് സെൽഫ് ഡ്രൈവിംഗ് ടാക്‌സികൾ പ്രവർത്തിക്കുന്നത്.

എല്ലാ റോഡുകളിലും ഒരുപോലെ സുരക്ഷ ഉറപ്പാക്കാനുള്ള അത്യാധുനിക സംവിധാനങ്ങൾ ഇതിൽ ഒരുക്കിയിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങൾ പൂർണമായും പാലിക്കുന്നതിനൊപ്പം ട്രാഫിക് സിഗ്നലുകൾ, കാൽനടയാത്രക്കാർ, മറ്റ് വാഹനങ്ങൾ എന്നിവയുടെ ചലനങ്ങൾ ഉൾപ്പെടെ തിരിച്ചറിയുന്ന ഈ ടാക്‌സികളിൽ അപകടസാദ്ധ്യത വളരെ കുറവാണ്. വാണിജ്യാടിസ്ഥാനത്തിൽ നിരത്തിലിറക്കുന്നതിന് മുമ്പ് പത്ത് നഗരങ്ങളിലായി 150 ദശലക്ഷം കിലോമീറ്ററിലധികം വാഹനം സുരക്ഷിതമായി സ്വയം ഡ്രൈവ് ചെയ്‌തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350729/dubai-launches-self-driving-taxi-services)