---
title: "ബഹ്‌റൈനിൽ ഹിസ്ബുല്ല ഭീകരസംഘം പിടിയിൽ; രാജ്യദ്രോഹവും ചാരവൃത്തിയും ലക്ഷ്യമെന്ന് സുരക്ഷാസേന"
english_title: "Hezbollah terrorist group arrested in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/350804/hezbollah-terrorist-group-arrested-in-bahrain"
published_at: "2026-03-31T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cba39f8ea0b_arrest_.jpg"
keywords: []
---

# ബഹ്‌റൈനിൽ ഹിസ്ബുല്ല ഭീകരസംഘം പിടിയിൽ; രാജ്യദ്രോഹവും ചാരവൃത്തിയും ലക്ഷ്യമെന്ന് സുരക്ഷാസേന

> **Lead Summary:** **മനാമ: [** ബഹ്‌റൈനിൽ ഭീകരപ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന മൂന്നംഗ ഹിസ്ബുല്ല സെല്ലിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫൊറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ് പിടികൂടി. നിരോധിത ലബനീസ് ഭീകര സംഘടനയായ ഹിസ്ബുല്ലയുമായി ചേർന്ന് രാജ്യത്തിന്റെ പരമാധികാരം തകർക്കാനും ജനങ്ങൾക്കിടയിൽ ഭീതി പടർത്താനും ശ്രമിച്ചവരാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

## Article Content

**മനാമ: [** ബഹ്‌റൈനിൽ ഭീകരപ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന മൂന്നംഗ ഹിസ്ബുല്ല സെല്ലിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫൊറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ് പിടികൂടി. നിരോധിത ലബനീസ് ഭീകര സംഘടനയായ ഹിസ്ബുല്ലയുമായി ചേർന്ന് രാജ്യത്തിന്റെ പരമാധികാരം തകർക്കാനും ജനങ്ങൾക്കിടയിൽ ഭീതി പടർത്താനും ശ്രമിച്ചവരാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അഹമ്മദ് അഹമ്മദ് ഹുസൈൻ മദൻ (24), ഹസൻ അബ്ദുൽ അമീർ ആശൂർ (22), മുന്തസർ അബ്ദുൽ മൊഹ്‌സിൻ അലി മദൻ (29) എന്നിവരാണ് പിടിയിലായത്. ഇവർ ലബനൻ സന്ദർശിച്ച വേളയിൽ ഹിസ്ബുല്ല ഭീകരരിൽ നിന്ന് ആയുധപരിശീലനം നേടിയതായി പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചു. വിദേശത്തുള്ള ഭീകരവാദികളുമായി ചേർന്ന് രാജ്യത്തെ സുപ്രധാന വിവരങ്ങൾ ചോർത്താനും ഇവർ നീക്കം നടത്തിയിരുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ പണം ശേഖരിച്ച് ഹിസ്ബുല്ലയുടെ ഭീകരപ്രവർത്തനങ്ങൾക്കായി കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തി. ബഹ്‌റൈനിൽ വലിയ തോതിലുള്ള അക്രമങ്ങൾക്കും ഭീകരപദ്ധതികൾക്കും ഇവർ കോപ്പുകൂട്ടിയിരുന്നതായാണ് സൂചന. പ്രതികളെ പബ്ലിക് പ്രോസിക്യൂഷനിൽ കൈമാറി. രാജ്യത്തിന്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/350804/hezbollah-terrorist-group-arrested-in-bahrain)