---
title: "യുഎഇയിൽ 70 ശതമാനം വിലക്കുറവിൽ സ്വർണം വാങ്ങാം? പ്രവാസികൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം, മുന്നറിയിപ്പ്"
english_title: "Authorities warn UAE residents buying gold and gold jewelry"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351099/authorities-warn-uae-residents-buying-gold-and-gold-jewelry"
published_at: "2026-04-02T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ce10280f9b3_gold_rate1.jpg"
keywords: []
---

# യുഎഇയിൽ 70 ശതമാനം വിലക്കുറവിൽ സ്വർണം വാങ്ങാം? പ്രവാസികൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം, മുന്നറിയിപ്പ്

> **Lead Summary:** **അബുദാബി:[ ** സ്വർണവും സ്വർണാഭരണങ്ങളും വാങ്ങുന്ന യുഎഇ നിവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ. യഥാർത്ഥ വിപണി വിലയേക്കാൾ മൂന്നിൽ രണ്ടുവരെ കുറഞ്ഞ നിരക്കിന് സ്വർണം വിൽക്കുന്ന വ്യാജ വെബ്‌സൈറ്റുകൾക്കെതിരെയാണ് മുന്നറിയിപ്പ്.

## Article Content

**അബുദാബി:[ ** സ്വർണവും സ്വർണാഭരണങ്ങളും വാങ്ങുന്ന യുഎഇ നിവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ. യഥാർത്ഥ വിപണി വിലയേക്കാൾ മൂന്നിൽ രണ്ടുവരെ കുറഞ്ഞ നിരക്കിന് സ്വർണം വിൽക്കുന്ന വ്യാജ വെബ്‌സൈറ്റുകൾക്കെതിരെയാണ് മുന്നറിയിപ്പ്.

'ആറുഗ്രാം സ്വർണത്തിന് യഥാ‌ർത്ഥ വിപണിവില 3000 ദിർഹമാണ്. എന്നാൽ ചിലർ 1000 ദിർഹമിന് വിൽക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. വിശ്വസനീയമായ ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് സ്വർണം വാങ്ങാൻ ശ്രദ്ധിക്കുക. ദുബായ് ജുവലറി ഗ്രൂപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി സന്ദർശിച്ച് വിലവിവരങ്ങൾ സ്ഥിരീകരിക്കുക.

യഥാർത്ഥ വിലയേക്കാൾ മൂന്നിൽ രണ്ടുവരെ കുറഞ്ഞ നിരക്കിന് ആരെങ്കിലും സ്വർണം വിൽക്കുകയാണെങ്കിൽ അത് തട്ടിപ്പാണെന്ന് തിരിച്ചറിയുക. സ്വ‌ർണ വിലയിൽ പലവിധ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ചിലപ്പോൾ ഒരു ദിവസം 20 ശതമാനം വരെ കുറവ് വരാം'- ദുബായ് ജുവലറി ഗ്രൂപ്പ് ചെയർമാൻ തവ്‌ഹിദ് അബ്‌ദുള്ള പറഞ്ഞു.കുറഞ്ഞ വിലയ്ക്ക് സ്വർണം വിൽക്കുന്നതുമായി ബന്ധപ്പെടുള്ള പരസ്യങ്ങൾക്കും സമൂഹമാദ്ധ്യമ പോസ്റ്റുകൾക്കുമെതിരെ ദുബായ് പൊലീസും മുന്നറിയിപ്പ് നൽകി.

70 ശതമാനത്തോളം വിലക്കുറവിൽ സ്വർണം വാങ്ങാമെന്ന വാഗ്ദാനങ്ങളാണ് ഇത്തരം പരസ്യങ്ങൾ നൽകുന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇക്കൊല്ലം ജനുവരിയിൽ യുഎഇയിൽ സ്വ‌ർണവില റെക്കാഡ് ഉയരത്തിൽ എത്തിയിരുന്നു. ഒരു ഔൺസിന് 5500 ഡോളറിലെത്തിയ സ്വർണവില പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ഏപ്രിൽ ഒന്നിന് ഔൺസിന് 4765 ഡോളറിലേയ്ക്ക് കൂപ്പുകുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351099/authorities-warn-uae-residents-buying-gold-and-gold-jewelry)