---
title: "ബഹ്‌റൈനിൽ പൊതുഗതാഗതത്തിന് സ്വീകാര്യതയേറുന്നു; നാല് വർഷത്തിനിടെ 4.5 കോടി ബസ് യാത്രകൾ"
english_title: "Public transport is gaining acceptance in Bahrain; 45 million bus trips in four years"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351316/public-transport-is-gaining-acceptance-in-bahrain-45-million-bus-trips-in-four-years"
published_at: "2026-04-03T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cf6e6e35620_45_million_bus_trips_in_four_years.jpg"
keywords: []
---

# ബഹ്‌റൈനിൽ പൊതുഗതാഗതത്തിന് സ്വീകാര്യതയേറുന്നു; നാല് വർഷത്തിനിടെ 4.5 കോടി ബസ് യാത്രകൾ

> **Lead Summary:** മനാമ: ബഹ്‌റൈനിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 2022 മുതൽ 2025 വരെയുള്ള നാല് വർഷത്തിനിടെ 4.57 കോടിയിലധികം (45.7 മില്യൺ) ബസ് യാത്രകൾ നടന്നതായി ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫ വെളിപ്പെടുത്തി. എം.പി ഡോ. മുനീർ സുറുറിന്റെ ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഈ കണക്കുകൾ വ്യക്തമാക്കിയത്.

## Article Content

മനാമ: ബഹ്‌റൈനിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 2022 മുതൽ 2025 വരെയുള്ള നാല് വർഷത്തിനിടെ 4.57 കോടിയിലധികം (45.7 മില്യൺ) ബസ് യാത്രകൾ നടന്നതായി ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫ വെളിപ്പെടുത്തി. എം.പി ഡോ. മുനീർ സുറുറിന്റെ ചോദ്യത്തിന് മറുപടി നൽകവെയാണ് അദ്ദേഹം ഈ കണക്കുകൾ വ്യക്തമാക്കിയത്.

രാജ്യത്തെ റെഡ് ബസ്സുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ ഓരോ വർഷവും കൃത്യമായ വളർച്ചയുണ്ടാകുന്നുണ്ട്. പൊതുജനങ്ങളിൽ വർധിച്ചുവരുന്ന അവബോധവും ഗതാഗത സേവനങ്ങളിൽ വരുത്തിയ ഗുണപരമായ മെച്ചപ്പെടുത്തലുകളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മന്ത്രി പറഞ്ഞു. യാത്രക്കാരുടെ സൗകര്യാർത്ഥം കൂടുതൽ പരിഷ്കാരങ്ങൾ വരും വർഷങ്ങളിലും നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹ്‌റൈന്‍റെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ബഹ്‌റൈൻ മെട്രോ പദ്ധതിയെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായുള്ള വിശദമായ പഠനങ്ങളും ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്നും, ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തെ വാണിജ്യ, താമസ, വിദ്യാഭ്യാസ മേഖലകളുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് മെട്രോ ശൃംഖല വിഭാവനം ചെയ്തിരിക്കുന്നതെന്നും മെട്രോയെ ബസ് സർവീസുകളുമായും സൈക്കിൾ പാതകളുമായും ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351316/public-transport-is-gaining-acceptance-in-bahrain-45-million-bus-trips-in-four-years)