---
title: "ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരിക്ക്"
english_title: "Twelve injured from falling debris in Abu Dhabi after Iran strike"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/351396/twelve-injured-from-falling-debris-in-abu-dhabi-after-iran-strike"
published_at: "2026-04-03T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cfbdfd1d4c0_iran_attack.jpg"
keywords: []
---

# ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരിക്ക്

> **Lead Summary:** **അബുദാബി: ** പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ യുഎഇക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടായ അതിരൂക്ഷമായ മിസൈൽ–ഡ്രോൺ ആക്രമണങ്ങളിൽ അബുദാബിയിലെ അജ്ബാൻ മേഖലയിൽ 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്കേറ്റു.

## Article Content

**അബുദാബി: ** പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ യുഎഇക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടായ അതിരൂക്ഷമായ മിസൈൽ–ഡ്രോൺ ആക്രമണങ്ങളിൽ അബുദാബിയിലെ അജ്ബാൻ മേഖലയിൽ 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്കേറ്റു.

ഇന്ന് വൈകിട്ട് നടന്ന ആക്രമണത്തിൽ തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ പതിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റവരിൽ ആറ് നേപ്പാൾ സ്വദേശികൾക്ക് നിസ്സാര പരിക്കാണുള്ളതെങ്കിലും ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ഇന്ന് മാത്രം ഇറാനിൽ നിന്നുള്ള 18 ബാലിസ്റ്റിക് മിസൈലുകളും 4 ക്രൂസ് മിസൈലുകളും 47 ഡ്രോണുകളും യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി 28-ന് ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ 475 ബാലിസ്റ്റിക് മിസൈലുകളും 23 ക്രൂസ് മിസൈലുകളും 2,085 ഡ്രോണുകളുമാണ് യുഎഇ വിജയകരമായി തകർത്തിട്ടുള്ളത്. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സേന അതീവ ജാഗ്രതയിലാണെന്നും ഏത് ഭീഷണിയെയും നേരിടാൻ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/351396/twelve-injured-from-falling-debris-in-abu-dhabi-after-iran-strike)