---
title: "വിലക്കയറ്റം ജനങ്ങളെ പൊള്ളിക്കുന്നു; ഇന്ധനവിലയിൽ അടിയന്തര നിയന്ത്രണം വേണമെന്ന് പാർലമെന്റിൽ പ്രമേയം"
english_title: "Resolution in Parliament calls for urgent control on fuel prices"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/352225/resolution-in-parliament-calls-for-urgent-control-on-fuel-prices"
published_at: "2026-04-08T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d6037d56212_8.jpg"
keywords: []
---

# വിലക്കയറ്റം ജനങ്ങളെ പൊള്ളിക്കുന്നു; ഇന്ധനവിലയിൽ അടിയന്തര നിയന്ത്രണം വേണമെന്ന് പാർലമെന്റിൽ പ്രമേയം

> **Lead Summary:** **മനാമ: [** അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, ബഹ്‌റൈനിലെ ഇന്ധനവിലയ്ക്ക് കൃത്യമായ പരിധി നിശ്ചയിക്കണമെന്ന ആവശ്യവുമായി പാർലമെന്റ് അംഗങ്ങൾ രംഗത്തെത്തി.

## Article Content

**മനാമ: [** അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, ബഹ്‌റൈനിലെ ഇന്ധനവിലയ്ക്ക് കൃത്യമായ പരിധി നിശ്ചയിക്കണമെന്ന ആവശ്യവുമായി പാർലമെന്റ് അംഗങ്ങൾ രംഗത്തെത്തി.

അഞ്ച് എം.പിമാർ ചേർന്നാണ് ഇതുസംബന്ധിച്ച അടിയന്തര പ്രമേയം സഭയിൽ സമർപ്പിച്ചത്. 2026 ജനുവരി മുതൽ ഇന്ധനവില നിയന്ത്രണം നീക്കിയതോടെ ആഗോള വിപണിയിലെ വിലക്കയറ്റത്തിന്റെ ഭാരം നേരിട്ട് ജനങ്ങളിലേക്ക് എത്തുകയാണെന്നും ഇത് സാധാരണക്കാരുടെ ജീവിതച്ചെലവ് അമിതമായി വർദ്ധിപ്പിക്കുന്നുവെന്നും എം.പിമാർ ചൂണ്ടിക്കാട്ടി.

നിലവിൽ ബാരലിന് 100 ഡോളറിനടുത്ത് നിൽക്കുന്ന എണ്ണവില മേഖലയിലെ സംഘർഷങ്ങൾ കാരണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്കയും പ്രമേയത്തിൽ പങ്കുവെച്ചു. രാജ്യത്തെ 80 ശതമാനത്തിലധികം കുടുംബങ്ങളും സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നതിനാൽ ഇന്ധനവിലയിലുണ്ടാകുന്ന ഓരോ വർദ്ധനവും ഗതാഗത-സേവന മേഖലകളിൽ വലിയ വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്.

അയൽരാജ്യങ്ങളായ സൗദി അറേബ്യയും കുവൈത്തും ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ വില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എം.പിമാർ ഓർമ്മിപ്പിച്ചു. അതിനാൽ ഇന്ധനവിലയ്ക്ക് ഒരു ഉയർന്ന പരിധി നിശ്ചയിക്കണമെന്നും, എണ്ണവില കൂടുമ്പോൾ സർക്കാരിന് ലഭിക്കുന്ന അധിക വരുമാനത്തിന്റെ ഒരു ഭാഗം സബ്‌സിഡിയായി നൽകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

പൗരന്മാരുടെ ശരാശരി വരുമാനവും പണപ്പെരുപ്പവും കണക്കിലെടുത്ത് വില നിശ്ചയിക്കണമെന്നും ദുർബല വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്നുമുള്ള നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/352225/resolution-in-parliament-calls-for-urgent-control-on-fuel-prices)