---
title: "തിരിച്ചടി; കേരളത്തിലേക്കടക്കം ഒമ്പത് നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ജസീറ എയർവേയ്‌സ്"
english_title: "Jazeera Airways suspends services to nine cities, including Kerala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/352494/jazeera-airways-suspends-services-to-nine-cities-including-kerala"
published_at: "2026-04-09T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d783529d4e3_jazeera.jpg"
keywords: []
---

# തിരിച്ചടി; കേരളത്തിലേക്കടക്കം ഒമ്പത് നഗരങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ജസീറ എയർവേയ്‌സ്

> **Lead Summary:** **കുവൈത്ത്: **കുവൈത്തിൽ നിന്നും ഇന്ത്യയിലെ ഒമ്പത് പ്രമുഖ നഗരങ്ങളിലേക്കുള്ള സർവീസുകൾ ജസീറ എയർവേയ്‌സ് താൽക്കാലികമായി റദ്ദാക്കി. പ്രവർത്തനപരമായ തടസ്സങ്ങൾ കാരണമാണ് നടപടിയെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. ഏപ്രിൽ 10 മുതൽ മെയ് 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

## Article Content

**കുവൈത്ത്: **കുവൈത്തിൽ നിന്നും ഇന്ത്യയിലെ ഒമ്പത് പ്രമുഖ നഗരങ്ങളിലേക്കുള്ള സർവീസുകൾ ജസീറ എയർവേയ്‌സ് താൽക്കാലികമായി റദ്ദാക്കി. പ്രവർത്തനപരമായ തടസ്സങ്ങൾ കാരണമാണ് നടപടിയെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. ഏപ്രിൽ 10 മുതൽ മെയ് 15 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് ഉൾപ്പെടെയുള്ള സർവീസുകളെയാണ് ഈ തീരുമാനം ബാധിക്കുക. കണ്ണൂർ, കോഴിക്കോട്, കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി, ഗോവ, ലഖ്‌നൗ, മംഗലാപുരം, വിജയവാഡ എന്നീ നഗരങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരികെ നൽകുമെന്ന് എയർലൈൻ അറിയിച്ചു. വെബ്‌സൈറ്റോ ആപ്പോ വഴി നേരിട്ട് ബുക്ക് ചെയ്തവർക്ക് പണം അതേ അക്കൗണ്ടിലേക്ക് തിരികെ ലഭിക്കും. ട്രാവൽ ഏജന്റുകൾ വഴി ബുക്ക് ചെയ്തവർക്ക് 'ക്രെഡിറ്റ് ഷെൽ' ആയി തുക ലഭ്യമാകും.

ഇന്ത്യയിലെ മറ്റ് എട്ട് നഗരങ്ങളിലേക്ക് സൗദിയിലെ ദമ്മാം വഴി ജസീറ സർവീസ് തുടരും. എന്നാൽ നേരിട്ടുള്ള വിമാനങ്ങൾ ഇല്ലാത്തത് യാത്രാസമയം വർദ്ധിപ്പിക്കാൻ കാരണമാകും. മറ്റ് നഗരങ്ങളിലേക്ക് ടിക്കറ്റ് എടുത്തവർ വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് സമയക്രമം ഔദ്യോഗികമായി പരിശോധിക്കണമെന്ന് സി.ഇ.ഒ ഭരതൻ പശുപതി അറിയിച്ചു.

വേനലവധി ആരംഭിക്കുന്ന സമയത്ത് സർവീസുകൾ റദ്ദാക്കിയത് നാട്ടിലേക്ക് പോകാനിരിക്കുന്ന പ്രവാസികളെ വലിയ പ്രതിസന്ധിയിലാക്കും. സീറ്റുകളുടെ എണ്ണം കുറയുന്നതോടെ മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്താനുള്ള സാധ്യതയുമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/352494/jazeera-airways-suspends-services-to-nine-cities-including-kerala)