---
title: "കുവൈത്ത് വിമാനത്താവളം തുറന്നിട്ടില്ല; സർവീസ് ആരംഭിച്ചതായി പ്രചാരണങ്ങൾ തെറ്റെന്ന് വ്യോമയാന അതോറിറ്റി"
english_title: "Kuwait Airport has not opened Civil Aviation Authority says propaganda that services have resumed is false"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/352608/kuwait-airport-has-not-opened-civil-aviation-authority-says-propaganda-that-services-have-resumed-is-false"
published_at: "2026-04-10T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d89b7582220_airline.jpg"
keywords: []
---

# കുവൈത്ത് വിമാനത്താവളം തുറന്നിട്ടില്ല; സർവീസ് ആരംഭിച്ചതായി പ്രചാരണങ്ങൾ തെറ്റെന്ന് വ്യോമയാന അതോറിറ്റി

> **Lead Summary:** **കുവൈത്ത് സിറ്റി: ** കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകൾ പുനരാരംഭിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി വ്യക്തമാക്കി.

## Article Content

**കുവൈത്ത് സിറ്റി: ** കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകൾ പുനരാരംഭിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി വ്യക്തമാക്കി.

സർവീസുകൾ പുനരാരംഭിക്കാൻ ഇതുവരെ യാതൊരു ഔദ്യോഗിക അനുമതിയും നൽകിയിട്ടില്ലെന്നും വ്യോമയാന അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-രാജ്ഹി അറിയിച്ചു. മേഖലയിലെ നിലവിലുള്ള രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളെ തുടർന്ന് ഫെബ്രുവരി 28 മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ച നിലയിലാണ് തുടരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

വിമാന സർവീസുകൾ ആരംഭിച്ചതായി ഒരു എയർലൈൻ കമ്പനിയെ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടതായി അബ്ദുല്ല അൽ-രാജ്ഹി പറഞ്ഞു. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. വിവിധ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ നിന്ന് ജാഗ്രത പാലിക്കണമെന്നും, ഔദ്യോഗികവും വിശ്വാസ്യതയുള്ളതുമായ സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.

പുതിയ വിവരങ്ങൾ ഉണ്ടായാൽ അതോറിറ്റിയുടെ ഔദ്യോഗിക ചാനലുകൾ വഴിയാണ് അറിയിക്കുകയെന്നും, സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കി പ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/352608/kuwait-airport-has-not-opened-civil-aviation-authority-says-propaganda-that-services-have-resumed-is-false)