---
title: "സഹേല്‍ ആപ്പ്, യാത്രക്കിടയിൽ പ്രശ്നം നേരിട്ടാൽ പരാതി നൽകാം; പ്രത്യേക സംവിധാനവുമായി കുവൈറ്റ്"
english_title: "Sahel App if you encounter a problem while traveling you can file a complaint Kuwait has a special system"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/352693/sahel-app-if-you-encounter-a-problem-while-traveling-you-can-file-a-complaint-kuwait-has-a-special-system"
published_at: "2026-04-10T16:42:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8db3fcf2c2_sahel.jpg"
keywords: []
---

# സഹേല്‍ ആപ്പ്, യാത്രക്കിടയിൽ പ്രശ്നം നേരിട്ടാൽ പരാതി നൽകാം; പ്രത്യേക സംവിധാനവുമായി കുവൈറ്റ്

> **Lead Summary:** **കുവൈറ്റ്:** കുവൈറ്റിലെ താമസക്കാര്‍ക്ക് യാത്രക്കിടയില്‍ പ്രശ്നങ്ങള്‍ നേരിട്ടാല്‍ പരാതി നല്‍കാന്‍ പ്രത്യേക സംവിധാനവുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ഇതിന്റെ ഭാഗമായി ഔദ്യോഗിക പ്ലാറ്റ് ഫോം ആയ സഹേല്‍ ആപ്പില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. പരാതികളില്‍ വേഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

## Article Content

**കുവൈറ്റ്:** കുവൈറ്റിലെ താമസക്കാര്‍ക്ക് യാത്രക്കിടയില്‍ പ്രശ്നങ്ങള്‍ നേരിട്ടാല്‍ പരാതി നല്‍കാന്‍ പ്രത്യേക സംവിധാനവുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ഇതിന്റെ ഭാഗമായി ഔദ്യോഗിക പ്ലാറ്റ് ഫോം ആയ സഹേല്‍ ആപ്പില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. പരാതികളില്‍ വേഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കുവൈറ്റിലെ ജനങ്ങള്‍ യാത്രാ സമയത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണുന്നതിന്റെ ഭാഗമായണ് പുതിയ സംവിധാനം. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ സഹേല്‍ ആപ്പ് വഴി എളുപ്പത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള ക്രമീകരണമാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുവൈറ്റിലെ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഇതിലൂടെ പരാതി നല്‍കാനാകും. ടിക്കറ്റ് ലഭ്യമാക്കിയ ട്രാവല്‍ ഏജന്‍സിക്കാണ് ആദ്യം പരാതി നല്‍കേണ്ടത്.

നിശ്ചിത സമയത്തിനുള്ളില്‍ പരാതി പരിഹരിച്ചില്ലെങ്കില്‍ സഹേല്‍ ആപ്പില്‍ പ്രവേശിച്ച് വിശദാംശങ്ങള്‍ സമര്‍പ്പിക്കാം. കുവൈറ്റിൽ പ്രവര്‍ത്തിക്കുന്ന എയര്‍ലൈന്‍സുകള്‍, ട്രാവല്‍ ഏജന്‍സികള്‍, ഓണ്‍ലൈന്‍ യാത്രാ വെബ്‌സൈറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ സഹേല്‍ ആപ്പിലൂടെ കഴിയും. പ്രശ്നം നേരിട്ട വ്യക്തിക്ക് പുറമെ അവരുടെ ഗാര്‍ഡിയന്‍, സ്പോണ്‍സര്‍ എന്നിവര്‍ക്കും പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാനാകും.

മുഴുവന്‍ രേഖകളും പരാതിക്കൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. ട്രാവല്‍ ഏജന്‍സിയുമായി നടത്തിയ കത്തിടപാടുകള്‍ ഉള്‍പ്പെടെ അറ്റാച്ച് ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കും. യാത്രക്കാരുടെ പരാതികളില്‍ വേഗത്തില്‍ നടപടിയുണ്ടാകുമെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/352693/sahel-app-if-you-encounter-a-problem-while-traveling-you-can-file-a-complaint-kuwait-has-a-special-system)