---
title: "ഹൃദയാഘാതം മൂലം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു"
english_title: "Expatriate Malayali dies in Riyadh due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/352867/expatriate-malayali-dies-in-riyadh-due-to-heart-attack"
published_at: "2026-04-11T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69da1947b95ac_Expatriate_Malayali_dies_in_Riyadh_due_to_heart_attack.jpg"
keywords: []
---

# ഹൃദയാഘാതം മൂലം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

> **Lead Summary:** റിയാദ്: എട്ടു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കവെ മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം നിലമ്പൂർ കുഴിമണ്ണ പുളിയങ്കോട് സ്വദേശി ഹംസ ആണ് മരിച്ചത്.

## Article Content

റിയാദ്: എട്ടു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കവെ മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം നിലമ്പൂർ കുഴിമണ്ണ പുളിയങ്കോട് സ്വദേശി ഹംസ ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ ഏറെ വൈകിയും ഉറക്കമുണരാത്തതിനെ തുടർന്ന് കൂടെയുണ്ടായിരുന്ന സഹോദരൻ പൊലീസിനെയും റെഡ് ക്രെസന്റിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.

റെഡ് ക്രെസൻറ്​ ആംബുലൻസ് എത്തി പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിലെ അൽ ഖുറൈജി പേപ്പർ ഇൻഡസ്ട്രീസ് ഫാക്ടറിയിൽ ജീവനക്കാരനായിരുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ പ്രതിസന്ധികൾ കാരണം താമസരേഖ (ഇഖാമ) പുതുക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ എട്ടു വർഷമായി ഇദ്ദേഹത്തിന് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല.

ഒടുവിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രേഖകൾ ശരിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് മരണം സംഭവിച്ചത്. റിയാദിൽ സഹോദരനൊപ്പമായിരുന്നു താമസം. പരേതരായ മുഹമ്മദി​െൻറയും സൈനബയുടെയും മകനാണ്. റുബീനയാണ് ഭാര്യ. മക്കൾ: ഫസീല, ജസീല, ഫാത്തിമ ഷഹന.

മൃതദേഹം റിയാദ്​ തഖസ്സുസിയിലെ സുലൈമാൻ ഹബീബ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ്ങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഉമർ അമാനത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, സമദ് ചുങ്കത്തറ, ഷംസു വടപുരം എന്നിവരും സഹോദരൻ അബ്​ദുൽ കരീമും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/352867/expatriate-malayali-dies-in-riyadh-due-to-heart-attack)