---
title: "രഹസ്യമായി ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി; കപ്പൽ കമ്പനി ഉടമയ്ക്ക് തടവുശിക്ഷയും നാടുകടത്തലും"
english_title: "Shipping company owner sentenced to prison and deportation for secretly filming and threatening a young woman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/353153/shipping-company-owner-sentenced-to-prison-and-deportation-for-secretly-filming-and-threatening-a-young-woman"
published_at: "2026-04-13T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69dcb07d8d8ff_case.jpg"
keywords: []
---

# രഹസ്യമായി ദൃശ്യങ്ങൾ പകർത്തി യുവതിയെ ഭീഷണിപ്പെടുത്തി; കപ്പൽ കമ്പനി ഉടമയ്ക്ക് തടവുശിക്ഷയും നാടുകടത്തലും

> **Lead Summary:** **ദുബായ്: [** ഒരു യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുഎഇയിലെ ഷിപ്പിങ് കമ്പനി ഉടമയ്ക്ക് തടവുശിക്ഷയും നാടുകടത്തലും. ആറുമാസം തടവും പിഴയും ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയിൽ നിന്ന് പുറത്താക്കാനാണ് കോടതി ഉത്തരവിട്ടത്.

## Article Content

**ദുബായ്: [** ഒരു യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുഎഇയിലെ ഷിപ്പിങ് കമ്പനി ഉടമയ്ക്ക് തടവുശിക്ഷയും നാടുകടത്തലും. ആറുമാസം തടവും പിഴയും ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയിൽ നിന്ന് പുറത്താക്കാനാണ് കോടതി ഉത്തരവിട്ടത്.

സ്വന്തം നാട്ടിലേക്ക് സാധനങ്ങൾ അയക്കുന്നതുമായി ബന്ധപ്പെട്ടാണ് യുവതി ഈ ബിസിനസുകാരനെ പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദത്തിലായ ഇവർ, മറ്റൊരാൾക്ക് സാധനങ്ങൾ അയച്ചുകൊടുക്കുന്നതിന് കമ്മീഷൻ വ്യവസ്ഥയിൽ ഇയാളുടെ സേവനം വീണ്ടും തേടി. എന്നാൽ വാഗ്ദാനം ചെയ്ത തുക നൽകാൻ ഇയാൾ തയ്യാറായില്ല. ഇതിനിടെ, തന്റെ ഉടമസ്ഥതയിലുള്ള ഒരു ഫ്ലാറ്റിൽ താമസിക്കാൻ ഇയാൾ യുവതിക്ക് സൗകര്യം നൽകിയിരുന്നു.

തന്റെ സഹോദരിയെ പരിചയപ്പെടുത്താം എന്ന് പറഞ്ഞ് ഇയാൾ യുവതിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി. അവിടെ മറ്റാരും ഉണ്ടായിരുന്നില്ലെന്നും ഇയാൾ തന്നോട് മോശമായി പെരുമാറിയെന്നും യുവതി പരാതിയിൽ പറയുന്നു. വിവരം പൊലീസിനെ അറിയിക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തുകയും ഇയാളുടെ ഭാര്യയെ വിളിച്ച് കാര്യങ്ങൾ പറയുകയും ചെയ്തു. ഇതിനെത്തുടർന്നാണ് പ്രതി ഭീഷണി മുഴക്കിയത്.

യുവതി താമസിച്ചിരുന്ന ഫ്ലാറ്റിൽ താൻ രഹസ്യമായി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും നിന്റെ ദൃശ്യങ്ങളും സംഭാഷണങ്ങളും തന്റെ കൈവശമുണ്ടെന്നും ഇയാൾ അവകാശപ്പെട്ടു. ഇത് പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ഭയപ്പെടാതെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതോടെയാണ് കോടതി അന്തിമ വിധി പ്രസ്താവിച്ചത്. ആറുമാസത്തെ ജയിൽവാസം പൂർത്തിയാക്കിയാലുടൻ ഇയാളെ നാടുകടത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/353153/shipping-company-owner-sentenced-to-prison-and-deportation-for-secretly-filming-and-threatening-a-young-woman)