---
title: "ബുർജ് അൽ അറബ് നവീകരണത്തിനായി അടയ്ക്കുന്നു; 18 മാസത്തിന് ശേഷം കൂടുതൽ ആഡംബരത്തോടെ തിരിച്ചെത്തും"
english_title: "Burj Al Arab closes for renovation; will return with more luxury after 18 months"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/353820/burj-al-arab-closes-for-renovation-will-return-with-more-luxury-after-18-months-new"
published_at: "2026-04-17T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e201c580bfe_srfgsrg.jpg"
keywords: []
---

# ബുർജ് അൽ അറബ് നവീകരണത്തിനായി അടയ്ക്കുന്നു; 18 മാസത്തിന് ശേഷം കൂടുതൽ ആഡംബരത്തോടെ തിരിച്ചെത്തും

> **Lead Summary:** ദുബായ്: **[** ലോകത്തിലെ ഏറ്റവും ആഡംബരമേറിയ ഹോട്ടലുകളിലൊന്നായ ദുബായിലെ ബുർജ് അൽ അറബ് വലിയ രീതിയിലുള്ള നവീകരണത്തിനൊരുങ്ങുന്നു. 1999-ൽ ഉദ്ഘാടനം ചെയ്തതിനുശേഷം ആദ്യമായാണ് ഇത്തരമൊരു പുനരുദ്ധാരണം നടക്കുന്നത്. അറ്റകുറ്റപ്പണികൾക്കായി അടുത്ത 18 മാസത്തേക്ക് ഹോട്ടൽ അടച്ചിടുമെന്ന് ജുമൈറ ഗ്രൂപ്പ് വ്യക്തമാക്കി. 

## Article Content

ദുബായ്: **[** ലോകത്തിലെ ഏറ്റവും ആഡംബരമേറിയ ഹോട്ടലുകളിലൊന്നായ ദുബായിലെ ബുർജ് അൽ അറബ് വലിയ രീതിയിലുള്ള നവീകരണത്തിനൊരുങ്ങുന്നു. 1999-ൽ ഉദ്ഘാടനം ചെയ്തതിനുശേഷം ആദ്യമായാണ് ഇത്തരമൊരു പുനരുദ്ധാരണം നടക്കുന്നത്. അറ്റകുറ്റപ്പണികൾക്കായി അടുത്ത 18 മാസത്തേക്ക് ഹോട്ടൽ അടച്ചിടുമെന്ന് ജുമൈറ ഗ്രൂപ്പ് വ്യക്തമാക്കി. 

ഘട്ടം ഘട്ടമായുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഏകദേശം ഒന്നര വർഷമെടുക്കും. ഈ സമയത്ത് ഹോട്ടൽ അതിഥികൾക്കായി ലഭ്യമാകില്ല. ദുബായിയുടെ ആഗോള അടയാളമായി മാറിയ ഈ കെട്ടിടത്തിന്റെ തനിമ നിലനിർത്തിക്കൊണ്ട് തന്നെ ഉൾവശം കൂടുതൽ ആധുനികവും ആകർഷകവുമാക്കുക എന്നതാണ് ലക്ഷ്യം. പ്രശസ്ത ഫ്രഞ്ച് ഇന്റീരിയർ ആർക്കിടെക്റ്റ് ട്രിസ്റ്റൻ ഔവർ ആണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പാരീസിലെ പ്രശസ്തമായ ഹോട്ടൽ ഡി ക്മില്ലൻ നവീകരിച്ചത് ഇദ്ദേഹമായിരുന്നു.

ഈ ഐതിഹാസിക കെട്ടിടത്തെ വരുംതലമുറകൾക്കായി സംരക്ഷിക്കാനാണ് ഈ പദ്ധതിയെന്നാണ് ദുബായ് ഹോൾഡിംഗിന്റെ കീഴിലുള്ള ജുമൈറ ഗ്രൂപ്പ് പറയുന്നത്. 27 നിലകളുള്ള ഈ ഹോട്ടൽ ആധുനിക ദുബായിയുടെ വളർച്ചയുടെയും ലക്ഷ്യങ്ങളുടെയും പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ 198 ആഡംബര സ്യൂട്ടുകളാണ് ഇവിടെയുള്ളത്. സ്വർണ്ണപ്പാളികളും വിലകൂടിയ മാർബിളുകളും, സ്വാറോവ്സ്കി ക്രിസ്റ്റലുകളും കൊണ്ട് അലംകൃതമായ ഇതിന്റെ അകത്തളം വിശ്വപ്രസിദ്ധമാണ്. നവീകരണത്തിന് ശേഷവും ഹോട്ടലിന്റെ സവിശേഷമായ പായ്ക്കപ്പൽ ആകൃതിയിൽ മാറ്റമുണ്ടാകില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/353820/burj-al-arab-closes-for-renovation-will-return-with-more-luxury-after-18-months-new)