---
title: "മണലാരണ്യത്തിലെ തൊഴിലാളികൾക്ക് കരുതലിന്റെ തണൽ; നേരിട്ടെത്തി ദുബായ് ഉന്നത ഉദ്യോഗസ്ഥർ"
english_title: "Top officials provide care and comfort to workers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/354977/top-officials-provide-care-and-comfort-to-workers"
published_at: "2026-04-23T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e9c253cf481_9.jpg"
keywords: []
---

# മണലാരണ്യത്തിലെ തൊഴിലാളികൾക്ക് കരുതലിന്റെ തണൽ; നേരിട്ടെത്തി ദുബായ് ഉന്നത ഉദ്യോഗസ്ഥർ

> **Lead Summary:** **ദുബാ**യ്**: [** ദുബായിയുടെ വികസനക്കുതിപ്പിന് കരുത്തുപകരുന്ന തൊഴിലാളികൾക്ക് കരുതലും ആശ്വാസവുമായി ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് തൊഴിലിടങ്ങളിലെത്തി.

## Article Content

**ദുബാ**യ്**: [** ദുബായിയുടെ വികസനക്കുതിപ്പിന് കരുത്തുപകരുന്ന തൊഴിലാളികൾക്ക് കരുതലും ആശ്വാസവുമായി ഉന്നത ഉദ്യോഗസ്ഥർ നേരിട്ട് തൊഴിലിടങ്ങളിലെത്തി.

വെറുമൊരു ഔദ്യോഗിക പരിശോധന എന്നതിലുപരി, മണലാരണ്യത്തിലെ ചുട്ടുപൊള്ളുന്ന വെയിലിൽ വിയർപ്പൊഴുക്കുന്ന മനുഷ്യരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാനുള്ള ഹൃദ്യമായ ഇടപെടലായി ഈ സന്ദർശനം മാറി.

ദുബായ് താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.) അസിസ്റ്റന്റ് ഡയറക്ടറും ലേബർ അഫയേഴ്‌സ് ചെയർമാനുമായ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിലെ നിർമാണ മേഖലയിൽ എത്തിയത്.

തൊഴിലാളികൾക്കിടയിലേക്ക് നേരിട്ട് ഇറങ്ങിച്ചെന്ന ഉദ്യോഗസ്ഥർ അവർക്ക് ലഭിക്കുന്ന ഭക്ഷണസൗകര്യം, ശുദ്ധജലം, വിശ്രമത്തിനുള്ള ഇടങ്ങൾ എന്നിവ നേരിട്ട് കണ്ട് വിലയിരുത്തി. തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിലും യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് അദ്ദേഹം തൊഴിലുടമകൾക്ക് കർശന നിർദേശം നൽകി.

മനുഷ്യത്വത്തിനാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുകയാണ് ഇത്തരം സന്ദർശനങ്ങളുടെ ലക്ഷ്യമെന്നും മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ വ്യക്തമാക്കി.

തൊഴിലാളികളെ വെറും ജോലിക്കാരായി കാണാതെ, രാജ്യത്തിന്റെ നിർമ്മാണ പങ്കാളികളായി പരിഗണിക്കുന്ന ദുബായ് ഭരണകൂടത്തിന്റെ നിലപാട് ഈ സന്ദർശനത്തിലൂടെ ഒരിക്കൽ കൂടി വ്യക്തമായി. പണിയെടുക്കുന്നവരുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിനായി ആഘോഷങ്ങളും കലാ-കായിക മത്സരങ്ങളും സമ്മാനപദ്ധതികളും ഒരുക്കുന്നതിനൊപ്പം അവരുടെ ദൈനംദിന പ്രശ്നങ്ങളിൽ ഭരണകൂടം നേരിട്ട് ഇടപെടുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. വിയർപ്പൊഴുക്കുന്നവർക്ക് തണലേകാൻ ഉന്നത ഉദ്യോഗസ്ഥർ തന്നെ നേരിട്ടെത്തിയത് പ്രവാസി തൊഴിലാളികൾക്കിടയിൽ വലിയ ആത്മവിശ്വാസമാണ് പകരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/354977/top-officials-provide-care-and-comfort-to-workers)