---
title: "തൊഴിലാളികളുടെ ഇൻഷുറൻസ് മുടക്കിയാൽ നടപടി കടുക്കും; സൗദിയിൽ തൊഴിലുടമകൾക്ക് 40 ലക്ഷം റിയാൽ പിഴ"
english_title: "Saudi employers fined 4 million riyals"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355373/saudi-employers-fined-4-million-riyals"
published_at: "2026-04-25T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec811f4289d_14.jpg"
keywords: []
---

# തൊഴിലാളികളുടെ ഇൻഷുറൻസ് മുടക്കിയാൽ നടപടി കടുക്കും; സൗദിയിൽ തൊഴിലുടമകൾക്ക് 40 ലക്ഷം റിയാൽ പിഴ

> **Lead Summary:** **റിയാദ്: [** സൗദി അറേബ്യയിൽ തൊഴിലാളികളുടെ ഹെൽത്ത് ഇൻഷുറൻസ് വിഹിതം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ തൊഴിലുടമകൾക്കെതിരെ കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് കർശന നടപടി സ്വീകരിച്ചു.

## Article Content

**റിയാദ്: [** സൗദി അറേബ്യയിൽ തൊഴിലാളികളുടെ ഹെൽത്ത് ഇൻഷുറൻസ് വിഹിതം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ തൊഴിലുടമകൾക്കെതിരെ കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് കർശന നടപടി സ്വീകരിച്ചു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് ഏകദേശം 40 ലക്ഷം റിയാലാണ് പിഴയായി ചുമത്തിയത്. നൂറോളം കേസുകളിലായിട്ടാണ് ഈ വൻതുക ശിക്ഷാ നടപടിയായി ഈടാക്കിയത്.

ഇൻഷുറൻസ് പ്രീമിയം അടയ്ക്കാത്ത സ്ഥാപനങ്ങൾക്ക് പിഴവുകൾ തിരുത്താൻ കൗൺസിൽ നിശ്ചിത സമയം അനുവദിച്ചിരുന്നെങ്കിലും, അത് പാലിക്കാത്തവർക്കെതിരെയാണ് ഇപ്പോൾ നടപടി കടുപ്പിച്ചിരിക്കുന്നത്.

ഇൻഷുറൻസ് നിയമപ്രകാരം ഓരോ തൊഴിലാളിയുടെയും പ്രീമിയം തുക അംഗീകൃത കമ്പനികൾ വഴി പൂർണ്ണമായും അടയ്ക്കാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. വീഴ്ച വരുത്തുന്നവർക്ക് സാമ്പത്തിക പിഴയ്ക്ക് പുറമെ, പുതിയ തൊഴിലാളികളെ നിയമിക്കുന്നതിനും വിസ സേവനങ്ങൾക്കും താൽക്കാലികമോ സ്ഥിരമോ ആയ നിരോധനം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

ഗുണഭോക്താക്കൾക്ക് തടസ്സമില്ലാത്ത ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനാണ് ഈ പരിശോധനകളെന്ന് കൗൺസിൽ വക്താവ് ഈമാൻ അൽ തരീഫി വ്യക്തമാക്കി. വരും ദിവസങ്ങളിലും രാജ്യത്തുടനീളം പരിശോധനകൾ തുടരുമെന്നും അവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355373/saudi-employers-fined-4-million-riyals)