---
title: "തിങ്കളാഴ്ച വരെ റിയാദിൽ മഴക്ക് സാധ്യത; ഇന്ന് കനത്ത മഴ പെയ്‌തേക്കും"
english_title: "Rain likely in Riyadh until Monday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355379/rain-likely-in-riyadh-until-monday"
published_at: "2026-04-25T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ec8643c525e_rain.jpg"
keywords: []
---

# തിങ്കളാഴ്ച വരെ റിയാദിൽ മഴക്ക് സാധ്യത; ഇന്ന് കനത്ത മഴ പെയ്‌തേക്കും

> **Lead Summary:** **റിയാദ്: ** സൗദിയിലെ റിയാദ് പ്രവിശ്യയിൽ ഏപ്രിൽ 27 തിങ്കളാഴ്ച വരെ മഴക്ക് സാധ്യത. മിതമായതോ കനത്തതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ശനിയാഴ്ച കനത്ത മഴ പെയ്‌തേക്കുമെന്നാണ് മുന്നറിയിപ്പ്. റിയാദ് സിറ്റി, അൽ ദിലം, മുസാഹിമിയ, ഖിദ്ദിയ, ദിരിയ, അൽഹാരിഖ്, അൽഖർജ്, ഹൗതാത് ബനീ തമീം, റുമ എന്നിവിടങ്ങളിലൊക്കെ മഴ പെയ്‌തേക്കും.

## Article Content

**റിയാദ്: ** സൗദിയിലെ റിയാദ് പ്രവിശ്യയിൽ ഏപ്രിൽ 27 തിങ്കളാഴ്ച വരെ മഴക്ക് സാധ്യത. മിതമായതോ കനത്തതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ശനിയാഴ്ച കനത്ത മഴ പെയ്‌തേക്കുമെന്നാണ് മുന്നറിയിപ്പ്. റിയാദ് സിറ്റി, അൽ ദിലം, മുസാഹിമിയ, ഖിദ്ദിയ, ദിരിയ, അൽഹാരിഖ്, അൽഖർജ്, ഹൗതാത് ബനീ തമീം, റുമ എന്നിവിടങ്ങളിലൊക്കെ മഴ പെയ്‌തേക്കും.

**ചൊവ്വാഴ്ച വരെ വിവിധയിടങ്ങളിൽ മഴക്ക് സാധ്യത**

ചൊവ്വാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മിന്നൽ പ്രളയം, ആലിപ്പഴ വർഷം, പൊടിക്കാറ്റ് എന്നിവക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ദൂരക്കാഴ്ച കുറയാനും ഇടയുണ്ട്.

മക്ക പ്രവിശ്യയിൽ തുർബ, മുവൈഹ്, ഖുർമ, റനിയാ, ത്വാഇഫ്, മെയ്സാൻ, അദ്ഹാം എന്നിവിടങ്ങളിൽ മഴ പെയ്‌തേക്കും. റിയാദ് പ്രവിശ്യയിൽ റിയാദ് നഗരത്തെയും പരിസര ഗവർണറേറ്റുകളെയും മിതമായതോ കനത്തതോ ആയ മഴ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഖസീം, ഹാഇൽ, മദീന, വടക്കൻ അതിർത്തികൾ, അൽ ജൗഫ്, കിഴക്കൻ പ്രവിശ്യ, അൽ ബാഹ, അസീർ, ജിസാൻ, നജ്റാൻ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

തബൂക്ക് പ്രവിശ്യയിലും നേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കുന്നു. കാലാവസ്ഥാ അപ്ഡേറ്റുകൾ നിരീക്ഷിക്കാനും അടിയന്തര മാർഗനിർദേശങ്ങൾ പാലിക്കാനും അധികൃതർ അഭ്യർത്ഥിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങൾ, വാദികൾ തുടങ്ങിയ ഇടങ്ങൾ ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു. താഴ്വരകളിലോ വെള്ളപ്പൊക്കത്തിലോ നീന്തരുതെന്നും മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ ചാനലുകളിലൂടെയും നൽകുന്ന ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355379/rain-likely-in-riyadh-until-monday)