---
title: "മദ്യവിൽപ്പനയ്ക്കെതിരെ കർശന നടപടി; കുവൈത്തിൽ പിടിച്ചെടുത്ത പതിനായിരത്തിലധികം മദ്യബോട്ടിലുകൾ നശിപ്പിച്ചു"
english_title: "More than 10,000 liquor bottles seized in Kuwait destroyed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355405/more-than-10000-liquor-bottles-seized-in-kuwait-destroyed"
published_at: "2026-04-25T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69eca3e768116_22.jpg"
keywords: []
---

# മദ്യവിൽപ്പനയ്ക്കെതിരെ കർശന നടപടി; കുവൈത്തിൽ പിടിച്ചെടുത്ത പതിനായിരത്തിലധികം മദ്യബോട്ടിലുകൾ നശിപ്പിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [** മയക്കുമരുന്നിനും അനധികൃത മദ്യവ്യാപനത്തിനുമെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന ശക്തമായ നടപടികളുടെ ഭാഗമായി, കഴിഞ്ഞ വർഷം വിവിധ പരിശോധനകളിൽ പിടിച്ചെടുത്ത 10,598 മദ്യബോട്ടിലുകൾ നശിപ്പിച്ചു.

## Article Content

**കുവൈത്ത് സിറ്റി: [** മയക്കുമരുന്നിനും അനധികൃത മദ്യവ്യാപനത്തിനുമെതിരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന ശക്തമായ നടപടികളുടെ ഭാഗമായി, കഴിഞ്ഞ വർഷം വിവിധ പരിശോധനകളിൽ പിടിച്ചെടുത്ത 10,598 മദ്യബോട്ടിലുകൾ നശിപ്പിച്ചു.

നിയമാനുസൃതമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധപ്പെട്ട അധികൃതരുടെ സാന്നിധ്യത്തിലാണ് മദ്യം നശിപ്പിച്ചതെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി.

അനധികൃത വസ്തുക്കളുടെ വ്യാപനം തടയുന്നതിൽ രാജ്യം പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ ഭാഗമായാണ് ഈ നടപടി. മദ്യത്തിന് പുറമെ മയക്കുമരുന്ന് മാഫിയകൾക്കെതിരെയും മന്ത്രാലയം വൻ വേട്ടയാണ് നടത്തിയത്.

വിവിധ രാജ്യക്കാരായ 12 പേരെയാണ് വലിയ തോതിലുള്ള മയക്കുമരുന്ന് ശേഖരവുമായി കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത്. ജഹ്‌റയിലെ മരുഭൂമിയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിവന്ന കേന്ദ്രം കണ്ടെത്തി പൂട്ടിച്ച അധികൃതർ, സംരക്ഷിത മേഖലയിൽ നിയമം ലംഘിച്ച് ഒട്ടകങ്ങളെ മേയാൻ വിട്ട വ്യക്തിക്കെതിരെയും നടപടിയെടുത്തു.

സുരക്ഷാ പരിശോധനകളും ഫീൽഡ് ക്യാമ്പയിനുകളും വരും ദിവസങ്ങളിൽ കൂടുതൽ ഊർജ്ജിതമാക്കുമെന്നും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും പൊതുജനങ്ങൾ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355405/more-than-10000-liquor-bottles-seized-in-kuwait-destroyed)