---
title: "ഒമാനിൽ വിമാനയാത്രക്കാർ ശ്രദ്ധിക്കുക: ഈ സാഹചര്യങ്ങളിൽ വിമാനം റദ്ദാക്കിയാൽ നഷ്ടപരിഹാരം ലഭിക്കില്ല"
english_title: "You don't always get compensation if your flight is delayed."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/355880/you-dont-always-get-compensation-if-your-flight-is-delayed"
published_at: "2026-04-28T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f02f639fa24_flight.jpg"
keywords: []
---

# ഒമാനിൽ വിമാനയാത്രക്കാർ ശ്രദ്ധിക്കുക: ഈ സാഹചര്യങ്ങളിൽ വിമാനം റദ്ദാക്കിയാൽ നഷ്ടപരിഹാരം ലഭിക്കില്ല

> **Lead Summary:** **മസ്കത്ത്: **വിമാന യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനക്കമ്പനികളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള അസാധാരണ സാഹചര്യങ്ങൾ അഥവാ ‘ഫോഴ്‌സ് മജീർ’ മൂലം യാത്രകൾ തടസ്സപ്പെട്ടാൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു.

## Article Content

**മസ്കത്ത്: **വിമാന യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനക്കമ്പനികളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള അസാധാരണ സാഹചര്യങ്ങൾ അഥവാ ‘ഫോഴ്‌സ് മജീർ’ മൂലം യാത്രകൾ തടസ്സപ്പെട്ടാൽ യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു.

പാസഞ്ചർ റൈറ്റ്‌സ് പ്രൊട്ടക്ഷൻ റെഗുലേഷന്റെ ഭാഗമായാണ് അതോറിറ്റി ഈ വിശദീകരണം നൽകിയത്. വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്നത് വിമാനക്കമ്പനികളുടെ പിഴവ് മൂലമല്ലെങ്കിൽ നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് കമ്പനികളെ ഒഴിവാക്കിയിട്ടുണ്ട്.

മോശം കാലാവസ്ഥ, പ്രകൃതി ദുരന്തങ്ങൾ, വിമാനത്താവളമോ വ്യോമപാതയോ അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ യുദ്ധം, ആഭ്യന്തര കലാപങ്ങൾ, അട്ടിമറി നീക്കങ്ങൾ അല്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ സുരക്ഷാ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന തടസ്സങ്ങൾക്കും നഷ്ടപരിഹാരം ബാധകമല്ല.

അപ്രതീക്ഷിതമായ ഇന്ധനക്ഷാമം, ഇന്ധന വിതരണ തടസ്സം, വിമാനത്തിൽ പക്ഷി ഇടിക്കുന്നത് മൂലമുള്ള തകരാറുകൾ, പണിമുടക്കുകൾ, വിമാനത്തിന്റെ നിർമാണ തകരാറുകൾ അല്ലെങ്കിൽ പെട്ടെന്നുണ്ടാകുന്ന സങ്കീർണമായ സാങ്കേതിക തകരാറുകൾ എന്നിവയും വിമാനക്കമ്പനികൾക്ക് ഇളവ് ലഭിക്കുന്ന സാഹചര്യങ്ങളാണ്. അതേസമയം, യാത്രക്കാർക്ക് തങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധ്യമുണ്ടാകണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/355880/you-dont-always-get-compensation-if-your-flight-is-delayed)