---
title: "ഹോർമൂസിൽ ഇറാന്റെ ഇടപെടൽ: ശക്തമായ പ്രതിഷേധവുമായി ജിസിസി; പ്രതിരോധ പദ്ധതികൾ വേഗത്തിലാക്കും"
english_title: "Iran's intervention in Hormuz"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/356089/irans-intervention-in-hormuz"
published_at: "2026-04-29T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f1873ad1a82_4.jpg"
keywords: []
---

# ഹോർമൂസിൽ ഇറാന്റെ ഇടപെടൽ: ശക്തമായ പ്രതിഷേധവുമായി ജിസിസി; പ്രതിരോധ പദ്ധതികൾ വേഗത്തിലാക്കും

> **Lead Summary:** **ദുബായ്: [ **ഹോർമൂസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ഇറാൻ പണം ഈടാക്കുന്ന നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മ രംഗത്തെത്തി.

## Article Content

**ദുബായ്: [ **ഹോർമൂസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ഇറാൻ പണം ഈടാക്കുന്ന നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മ രംഗത്തെത്തി.

കടലിടുക്ക് അടച്ച ഇറാന്റെ നടപടിയെ അപലപിച്ച ജിസിസി, യുദ്ധത്തിന് മുൻപുണ്ടായിരുന്ന സ്വതന്ത്രമായ ഗതാഗത സാഹചര്യം മേഖലയിൽ പുനഃസ്ഥാപിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു.

ഇറാൻ ഉയർത്തുന്ന ഭീഷണികളുടെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ, ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയും സ്വാശ്രയത്വവും ഉറപ്പാക്കുന്നതിനുള്ള സംയുക്ത പദ്ധതികൾ വേഗത്തിലാക്കാനും ദുബായിൽ നടന്ന യോഗത്തിൽ തീരുമാനമായി.

മേഖലയിലെ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽ ശൃംഖല, സംയുക്ത വൈദ്യുതി ഗ്രിഡ്, ഓയിൽ ആൻഡ് ഗ്യാസ് പൈപ്പ് ലൈനുകൾ, ജിസിസി മേഖലയിലാകെ വ്യാപിക്കുന്ന ശുദ്ധജല നെറ്റ്വർക്ക് എന്നിവയുടെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിനുപുറമെ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെക്കുറിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന ആധുനിക പ്രതിരോധ സംവിധാനം സജ്ജമാക്കുന്നതിനെക്കുറിച്ചും തന്ത്രപ്രധാനമായ വിഭവങ്ങളുടെ കരുതൽ ശേഖരത്തെക്കുറിച്ചും യോഗം ഗൗരവമായി ചർച്ച ചെയ്തു.

മേഖലയുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന ഉറച്ച നിലപാടിലാണ് അംഗരാജ്യങ്ങൾ. ഏതെങ്കിലും ഒരു ജിസിസി രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണത്തെ മുഴുവൻ ഗൾഫ് മേഖലയ്ക്കും എതിരെയുള്ള വെല്ലുവിളിയായി കണക്കാക്കുമെന്നും സുരക്ഷാ കാര്യങ്ങളിൽ ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും കൂട്ടായ്മ വ്യക്തമാക്കി.

നിലവിലെ അസ്ഥിരമായ സാഹചര്യം നേരിടാൻ സാമ്പത്തികവും പ്രതിരോധപരവുമായ സഹകരണം ശക്തിപ്പെടുത്താനാണ് ജിസിസി രാജ്യങ്ങളുടെ നീക്കം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/356089/irans-intervention-in-hormuz)