---
title: "ദൈവത്തിന്റെ അതിഥികൾ മക്കയിലെത്തി; സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആദ്യ സംഘത്തിന് ജിദ്ദയിൽ ആവേശോജ്ജ്വല സ്വീകരണം"
english_title: "The first batch of the State Hajj Committee receives a warm welcome in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/356674/the-first-batch-of-the-state-hajj-committee-receives-a-warm-welcome-in-jeddah"
published_at: "2026-05-01T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f4920f933fb_20.jpg"
keywords: []
---

# ദൈവത്തിന്റെ അതിഥികൾ മക്കയിലെത്തി; സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആദ്യ സംഘത്തിന് ജിദ്ദയിൽ ആവേശോജ്ജ്വല സ്വീകരണം

> **Lead Summary:** **റിയാദ്: [ **സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി പുറപ്പെട്ട കേരളത്തിൽ നിന്നുള്ള ആദ്യ തീർഥാടക സംഘം മക്കയിലെത്തിച്ചേർന്നു.

## Article Content

**റിയാദ്: [ **സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി പുറപ്പെട്ട കേരളത്തിൽ നിന്നുള്ള ആദ്യ തീർഥാടക സംഘം മക്കയിലെത്തിച്ചേർന്നു.

വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ 430 അംഗ സംഘത്തെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് അഹ്‌മദ് ഖാൻ സൂരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും വിവിധ സന്നദ്ധ സംഘടനകളും ചേർന്നാണ് വരവേറ്റത്.

ഫ്ലൈനാസ് വിമാനത്തിലെത്തിയ ഹാജിമാർക്ക് ഈത്തപ്പഴവും ജ്യൂസും നൽകി സ്വീകരിച്ച ശേഷം ഹജ്ജ് സർവീസ് കമ്പനികളുടെ പ്രത്യേക ബസുകളിൽ രാത്രി എട്ട് മണിയോടെ ഇവരെ മക്കയിലെത്തിച്ചു.

അസീസിയയിലെ 502-ാം നമ്പർ കെട്ടിടത്തിലാണ് ഹാജിമാർക്കായി താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. താമസസ്ഥലത്ത് എത്തിയ തീർഥാടകരെ കെ.എം.സി.സി, ഐ.സി.എഫ്, വിഖായ, ഒ.ഐ.സി.സി, തനിമ തുടങ്ങിയ സംഘടനകളുടെ വളന്റിയർമാർ ചേർന്ന് ലഘുഭക്ഷണവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു.

ലഗേജുകൾ വിമാനത്താവളത്തിൽ നിന്ന് നേരിട്ട് താമസസ്ഥലത്ത് എത്തിക്കുന്നതിനുള്ള സംവിധാനം നേരത്തെ തന്നെ ഏർപ്പെടുത്തിയിരുന്നു. തുടർന്ന് തീർഥാടകർക്ക് ആവശ്യമായ 'നുസ്ക്' തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുകയും, വിശ്രമത്തിന് ശേഷം സംഘം ഉംറ നിർവഹിക്കുന്നതിനായി മസ്ജിദുൽ ഹറാമിലേക്ക് പുറപ്പെടുകയും ചെയ്തു.

ഇത്തവണത്തെ ആദ്യ സംഘത്തെ കൊച്ചിയിൽ വെച്ച് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടും സി.ഇ.ഒ ഷാനവാസും ചേർന്നാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കേരളത്തിൽ നിന്നുള്ള സ്വകാര്യ ഗ്രൂപ്പുകൾ നേരത്തെ ജിദ്ദ വഴി എത്തിത്തുടങ്ങിയെങ്കിലും സർക്കാർ ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ വിമാനമാണിത്.

വരും ദിവസങ്ങളിൽ കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളും ആരംഭിക്കുന്നതാണ്. ജിദ്ദ വഴി മക്കയിലെത്തിയ ഈ തീർഥാടകർ ഹജ്ജിന് ശേഷമായിരിക്കും മദീന സന്ദർശനം പൂർത്തിയാക്കുക.

അതേസമയം, നേരത്തെ മദീനയിലെത്തിയ മറ്റ് ഇന്ത്യൻ ഹാജിമാർ അവിടെ എട്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/356674/the-first-batch-of-the-state-hajj-committee-receives-a-warm-welcome-in-jeddah)