---
title: "കുവൈത്തിൽ ലഹരിവേട്ട; ആറംഗ സംഘം പിടിയിൽ, പിടിച്ചെടുത്തത് വൻ മയക്കുമരുന്ന് ശേഖരം"
english_title: "Six-member gang arrested in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357013/six-member-gang-arrested-in-kuwait"
published_at: "2026-05-03T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f70524b6f1f_12.jpg"
keywords: []
---

# കുവൈത്തിൽ ലഹരിവേട്ട; ആറംഗ സംഘം പിടിയിൽ, പിടിച്ചെടുത്തത് വൻ മയക്കുമരുന്ന് ശേഖരം

> **Lead Summary:** **കുവൈത്ത് സിറ്റി**: [ കുവൈത്തിൽ ലഹരിമാഫിയയെ ലക്ഷ്യമിട്ട് സുരക്ഷാ വിഭാഗം നടത്തിയ ശക്തമായ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരവുമായി ആറ് പേർ പിടിയിലായി.

## Article Content

**കുവൈത്ത് സിറ്റി**: [ കുവൈത്തിൽ ലഹരിമാഫിയയെ ലക്ഷ്യമിട്ട് സുരക്ഷാ വിഭാഗം നടത്തിയ ശക്തമായ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരവുമായി ആറ് പേർ പിടിയിലായി.

കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനകളിലാണ് ഈ സംഘം വലയിലായത്.

ലഹരിവസ്തുക്കൾ കൈവശം വയ്ക്കുകയും അവ വിതരണം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പിടിയിലായവരിൽ നിന്ന് വിപണിയിൽ വലിയ മൂല്യമുള്ള വിവിധയിനം ലഹരിമരുന്നുകളാണ് അധികൃതർ കണ്ടെടുത്തത്.

ആയിരത്തി എഴുന്നൂറോളം ലിറിക്ക ഗുളികകൾക്ക് പുറമെ ഹാഷിഷ്, കൊക്കെയ്ൻ, മെത്താംഫെറ്റാമൈൻ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ 400 മില്ലി ലിറ്റർ കെമിക്കൽ ഓയിലും തിരിച്ചറിയാത്ത രാസവസ്തുക്കളും മയക്കുമരുന്ന് അളക്കാനും പാക്ക് ചെയ്യാനുമുള്ള ഉപകരണങ്ങളും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു.

കെമിക്കൽ ഓയിൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഹുക്കയും പ്രതികളുടെ പക്കലുണ്ടായിരുന്നു. രാജ്യത്തെ യുവാക്കളുടെ ഭാവിയെ തകർക്കുന്ന ലഹരി സംഘങ്ങളെ വേരോടെ പിഴുതെറിയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പരിശോധനകൾ കർശനമാക്കിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പിടിയിലായവർക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും ഈ ശൃംഖലയിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം വ്യാപിപ്പിച്ചതായും അധികൃതർ അറിയിച്ചു. രാജ്യസുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന മുന്നറിയിപ്പും സുരക്ഷാ വിഭാഗം നൽകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357013/six-member-gang-arrested-in-kuwait)