---
title: "കുവൈത്തിൽ ജാഗ്രതാ നിർദ്ദേശം; പൊടിക്കാറ്റും കാലാവസ്ഥാ വ്യതിയാനവും കടുക്കുന്നു"
english_title: "Kuwait issues alert dust storms and weather changes are approaching"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/357494/kuwait-issues-alert-dust-storms-and-weather-changes-are-approaching"
published_at: "2026-05-05T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9cd110c49d_DUST_STORME.jpg"
keywords: []
---

# കുവൈത്തിൽ ജാഗ്രതാ നിർദ്ദേശം; പൊടിക്കാറ്റും കാലാവസ്ഥാ വ്യതിയാനവും കടുക്കുന്നു

> **Lead Summary:** കുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാലത്ത് നിന്ന് വേനൽക്കാലത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായുള്ള 'സരായത്' സീസൺ ശക്തമാകുന്നു. മെയ് മാസം അവസാനിക്കുന്നത് വരെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളും ശക്തമായ പൊടിക്കാറ്റും തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ ആസ്ത്മ, അലർജി തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

## Article Content

കുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാലത്ത് നിന്ന് വേനൽക്കാലത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായുള്ള 'സരായത്' സീസൺ ശക്തമാകുന്നു. മെയ് മാസം അവസാനിക്കുന്നത് വരെ കാലാവസ്ഥയിൽ വലിയ മാറ്റങ്ങളും ശക്തമായ പൊടിക്കാറ്റും തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ ആസ്ത്മ, അലർജി തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

പൊടിക്കാറ്റിലുണ്ടാകുന്ന അതിസൂക്ഷ്മമായ കണികകൾ മൂക്കിലെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ശ്വാസകോശത്തിന്‍റെ ആഴങ്ങളിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ കൺസൾട്ടന്‍റ് ഡോ. അബ്ദുള്ള അൽ മുതൈരി വ്യക്തമാക്കി. ഇത് ശ്വാസംമുട്ടൽ, കഫക്കെട്ട്, നെഞ്ചിലെ അണുബാധ എന്നിവയ്ക്ക് കാരണമാകും. മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതാണ് ഇത്തരം ആരോഗ്യപ്രശ്നങ്ങളെ തടയാനുള്ള ഏക മാർഗ്ഗമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നിലവിലെ കാലാവസ്ഥാ വ്യതിയാനം മെയ് മാസം അവസാനം വരെ നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. ശക്തമായ കാറ്റ്, ഇടിമിന്നലോടു കൂടിയ മഴ, പൊടിക്കാറ്റ് എന്നിവ ഈ സീസണിന്‍റെ പ്രത്യേകതയാണ്. അന്തരീക്ഷത്തിൽ പൊടിയുടെ അളവ് കൂടുന്നത് കാഴ്ചപരിധിയെ ബാധിക്കുമെന്നതിനാൽ വാഹനയാത്രക്കാരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. ശ്വാസകോശ രോഗികൾ ഈ സമയങ്ങളിൽ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/357494/kuwait-issues-alert-dust-storms-and-weather-changes-are-approaching)