---
title: "ഇ-സ്കൂട്ടർ ഉപയോഗത്തിൽ ജാഗ്രത വേണം; മാതാപിതാക്കൾക്ക് കർശന നിർദ്ദേശവുമായി അബുദബി പൊലിസ്"
english_title: "Abu Dhabi Police issues strict instructions to parents to be careful when using e-scooters"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358240/abu-dhabi-police-issues-strict-instructions-to-parents-to-be-careful-when-using-e-scooters"
published_at: "2026-05-08T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fe05a2718bb_e_scooter.jpg"
keywords: []
---

# ഇ-സ്കൂട്ടർ ഉപയോഗത്തിൽ ജാഗ്രത വേണം; മാതാപിതാക്കൾക്ക് കർശന നിർദ്ദേശവുമായി അബുദബി പൊലിസ്

> **Lead Summary:** **അബുദബി: **ഇലക്ട്രിക് സ്കൂട്ടറുകളുടെ അശാസ്ത്രീയമായ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ റോഡ് ഉപയോക്താക്കൾക്ക് കർശന മുന്നറിയിപ്പുമായി അബുദബി പൊലിസ്. ഇ-സ്കൂട്ടറുകൾ തെറ്റായ രീതിയിൽ കൈകാര്യം ചെയ്യുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും അധികൃതർ നിർദ്ദേശിച്ചു.

## Article Content

**അബുദബി: **ഇലക്ട്രിക് സ്കൂട്ടറുകളുടെ അശാസ്ത്രീയമായ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ റോഡ് ഉപയോക്താക്കൾക്ക് കർശന മുന്നറിയിപ്പുമായി അബുദബി പൊലിസ്. ഇ-സ്കൂട്ടറുകൾ തെറ്റായ രീതിയിൽ കൈകാര്യം ചെയ്യുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും അധികൃതർ നിർദ്ദേശിച്ചു.

ഗൾഫ് ട്രാഫിക് വാരത്തോടനുബന്ധിച്ച് മോണിറ്ററിംഗ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ച് നടത്തിയ ബോധവൽക്കരണ പരിപാടിയിലാണ് പൊലിസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ പൊതു റോഡുകളും വാഹനങ്ങൾ അമിതമായി സഞ്ചരിക്കുന്ന ഇടങ്ങളും നിർബന്ധമായും ഒഴിവാക്കണമെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് വ്യക്തമാക്കി. സ്കൂട്ടറുകൾക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള സുരക്ഷിതമായ പാതകളിൽ മാത്രമേ യാത്ര ചെയ്യാവൂ.

സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നത് റൈഡർക്കും മറ്റ് യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാണെന്ന് പൊലിസ് ചൂണ്ടിക്കാട്ടി. സ്കൂട്ടർ യാത്രക്കാർ എപ്പോഴും പ്രതിരോധ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പൊലിസ് ആഹ്വാനം ചെയ്തു.

കുട്ടികൾ ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും പൊലിസ് നിർദ്ദേശിച്ചു. കുട്ടികൾ സ്കൂട്ടർ ഓടിക്കുമ്പോൾ ഹെൽമെറ്റ്, കൈമുട്ട്-കാൽമുട്ട് ഗാർഡുകൾ തുടങ്ങിയ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ധരിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണം.

കുട്ടികളിലെ അപകടസാധ്യത കുറയ്ക്കുന്നതിനായി സുരക്ഷിതമായ റൈഡിംഗ് രീതികളെക്കുറിച്ച് അവരെ ബോധവൽക്കരിക്കാൻ കുടുംബങ്ങൾ മുന്നിട്ടിറങ്ങണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

> "സ്മാർട്ട് റോഡ് സുരക്ഷ" എന്ന ലക്ഷ്യം മുൻനിർത്തി ആധുനിക യാത്രാ മാർഗങ്ങളുടെ സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് അബുദബി പൊലിസ് ശ്രമിക്കുന്നത്. നിയമങ്ങൾ പാലിക്കുന്നതിലൂടെ ജീവൻ സംരക്ഷിക്കാനും സമൂഹത്തിന്റെ സുരക്ഷ ശക്തിപ്പെടുത്താനും സാധിക്കുമെന്ന് പൊലിസ് ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358240/abu-dhabi-police-issues-strict-instructions-to-parents-to-be-careful-when-using-e-scooters)