---
title: "കുവൈത്ത് വിമാനത്താവളത്തിൽ സിഗരറ്റ് കള്ളക്കടത്ത്: രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാരടക്കം മൂന്ന് പേർ അറസ്റ്റിൽ"
english_title: "Cigarette smuggling at Kuwait airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358598/cigarette-smuggling-at-kuwait-airport"
published_at: "2026-05-10T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a00722c89979_21.jpg"
keywords: []
---

# കുവൈത്ത് വിമാനത്താവളത്തിൽ സിഗരറ്റ് കള്ളക്കടത്ത്: രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാരടക്കം മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: [ **കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി നടന്ന വൻ സിഗരറ്റ് കള്ളക്കടത്ത് ആസൂത്രിത സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി.

## Article Content

**കുവൈത്ത് സിറ്റി: [ **കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി നടന്ന വൻ സിഗരറ്റ് കള്ളക്കടത്ത് ആസൂത്രിത സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി.

രണ്ട് കസ്റ്റംസ് ഇൻസ്പെക്ടർമാരും ഒരു ശുചീകരണ തൊഴിലാളിയുമാണ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് അറസ്റ്റിലായത്. വിമാനത്താവളത്തിലെ സുരക്ഷാ മേഖലകളിൽ പ്രവേശിക്കാനുള്ള അനുമതി ഉപയോഗപ്പെടുത്തി നിയമവിരുദ്ധമായി സിഗരറ്റ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ സംഘം വലയിലായത്.

ബംഗ്ലാദേശ് സ്വദേശിയായ ശുചീകരണ തൊഴിലാളിയെ 31 കാർട്ടൺ സിഗരറ്റുമായി പിടികൂടിയതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തുവന്നത്. വിദേശ യാത്രക്കാരുടെ ബോർഡിംഗ് പാസുകൾ സംഘടിപ്പിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് സിഗരറ്റ് വാങ്ങാൻ ഒരു ഇൻസ്പെക്ടർ സ്വന്തം ബാങ്ക് കാർഡും വർക്ക് പെർമിറ്റും നൽകി സഹായിക്കുകയായിരുന്നു.

ഇങ്ങനെ വാങ്ങുന്ന സിഗരറ്റുകൾ കസ്റ്റംസ് പരിശോധനകൾ ഒഴിവാക്കി ട്രാൻസിറ്റ് ഏരിയയിലൂടെ കടത്താനും തന്റെ സ്വകാര്യ വാഹനത്തിൽ വിമാനത്താവളത്തിന് പുറത്തെത്തിക്കാനും രണ്ടാമത്തെ ഇൻസ്പെക്ടർ സൗകര്യമൊരുക്കി.

പിടിയിലായ പ്രതികളെയും തൊണ്ടിമുതലുകളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ആഭ്യന്തര മന്ത്രാലയം ഈ സംഭവത്തോടെ വ്യക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358598/cigarette-smuggling-at-kuwait-airport)