---
title: "വിസ ഇല്ലാതെ പോകാം...! സൗദി-റഷ്യ വിസ രഹിത കരാർ ഔദ്യോഗികമായി നിലവിൽ വന്നു"
english_title: "Saudi-Russia visa-free agreement officially comes into effect"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358800/saudi-russia-visa-free-agreement-officially-comes-into-effect"
published_at: "2026-05-11T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01f2b577239_visa.jpg"
keywords: []
---

# വിസ ഇല്ലാതെ പോകാം...! സൗദി-റഷ്യ വിസ രഹിത കരാർ ഔദ്യോഗികമായി നിലവിൽ വന്നു

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ചരിത്രപരമായ സന്ദർശക വിസ ഒഴിവാക്കൽ കരാർ ഇന്ന് മുതൽ ഔദ്യോഗികമായി നിലവിൽ വന്നു. മെയ് 11 മുതലാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ വിസ രഹിത യാത്ര അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് നടപ്പായത്.

## Article Content

**റിയാദ്: **സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ചരിത്രപരമായ സന്ദർശക വിസ ഒഴിവാക്കൽ കരാർ ഇന്ന് മുതൽ ഔദ്യോഗികമായി നിലവിൽ വന്നു. മെയ് 11 മുതലാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ വിസ രഹിത യാത്ര അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് നടപ്പായത്.

നയതന്ത്ര, പ്രത്യേക പാസ്‌പോർട്ടുകൾക്ക് പുറമെ സാധാരണ പാസ്‌പോർട്ട് കൈവശമുള്ളവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നതാണ് കരാറിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.

സാധാരണ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഇളവ് നൽകിക്കൊണ്ട് സൗദി അറേബ്യ കരാറിൽ ഒപ്പിടുന്ന ആദ്യ രാജ്യം കൂടിയാണ് റഷ്യൻ ഫെഡറേഷൻ.

പുതിയ നിയമപ്രകാരം വിനോദസഞ്ചാരം, ബിസിനസ് ആവശ്യങ്ങൾ, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സന്ദർശിക്കൽ എന്നീ ലക്ഷ്യങ്ങളോടെ യാത്ര ചെയ്യുന്നവർക്ക് മുൻകൂട്ടി വിസ എടുക്കാതെ തന്നെ ഇരുരാജ്യങ്ങളിലേക്കും പ്രവേശിക്കാം. ഒരു കലണ്ടർ വർഷത്തിനുള്ളിൽ ഒറ്റത്തവണയായോ ഒന്നിലധികം തവണകളായോ പരമാവധി 90 ദിവസം വരെ ഇത്തരത്തിൽ താമസിക്കാൻ സാധിക്കും.

എന്നാൽ തൊഴിൽ, ഉപരിപഠനം, സ്ഥിരതാമസം, ഹജ്ജ് തീർത്ഥാടനം എന്നീ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ഈ ഇളവ് ബാധകമല്ല. ഇത്തരക്കാർ നിലവിലുള്ള നിയമപ്രകാരം അതത് വിഭാഗങ്ങളിലുള്ള പ്രത്യേക വിസകൾ തന്നെ കരസ്ഥമാക്കേണ്ടതുണ്ട്.

സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ സുപ്രധാന നീക്കം എന്നത് ശ്രദ്ധേയമാണ്.

പുതിയ കരാർ നിലവിൽ വന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം, സാമ്പത്തിക സഹകരണം എന്നിവ വർധിക്കുമെന്നും വിവിധ മേഖലകളിൽ പുതിയ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കാൻ ഇത് സഹായകമാകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358800/saudi-russia-visa-free-agreement-officially-comes-into-effect)