---
title: "അനധികൃത അറവുശാലകൾ റെയ്ഡ് ചെയ്തു; പത്ത് പേർ കുവൈത്തിൽ പിടിയിൽ"
english_title: "Illegal slaughterhouses raided 10 arrested in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358946/illegal-slaughterhouses-raided-10-arrested-in-kuwait"
published_at: "2026-05-12T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02f8b1d27ec_arrestw.jpg"
keywords: []
---

# അനധികൃത അറവുശാലകൾ റെയ്ഡ് ചെയ്തു; പത്ത് പേർ കുവൈത്തിൽ പിടിയിൽ

> **Lead Summary:** കുവൈത്ത് സിറ്റി: ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന മൂന്ന് അറവുശാലകൾ കുവൈത്ത് അധികൃതർ റെയ്ഡ് ചെയ്തു. കബ്ദ് മേഖലയിൽ കന്നുകാലികളെ പാർപ്പിക്കാൻ നൽകിയ തൊഴുത്തുകൾ കേന്ദ്രീകരിച്ചായിരുന്നു നിയമവിരുദ്ധ പ്രവർത്തനം. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളായ പത്തുപേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

## Article Content

കുവൈത്ത് സിറ്റി: ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന മൂന്ന് അറവുശാലകൾ കുവൈത്ത് അധികൃതർ റെയ്ഡ് ചെയ്തു. കബ്ദ് മേഖലയിൽ കന്നുകാലികളെ പാർപ്പിക്കാൻ നൽകിയ തൊഴുത്തുകൾ കേന്ദ്രീകരിച്ചായിരുന്നു നിയമവിരുദ്ധ പ്രവർത്തനം. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളായ പത്തുപേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തെത്തുടർന്നായിരുന്നു പരിശോധന. റെയ്ഡ് നടക്കുമ്പോൾ കന്നുകാലികളെ അറക്കുന്ന തിരക്കിലായിരുന്നു തൊഴിലാളികൾ. കൃഷി-മത്സ്യസമ്പത്ത് അതോറിറ്റിയുടെ നിയമങ്ങൾ ലംഘിച്ച്, അനുവദിച്ച കാര്യത്തിനല്ലാതെ തൊഴുത്തുകൾ ദുരുപയോഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.

ആവശ്യമായ ലൈസൻസുകളോ അധികൃതരുടെ മേൽനോട്ടമോ ഇല്ലാതെയായിരുന്നു ഇവയുടെ പ്രവർത്തനം. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358946/illegal-slaughterhouses-raided-10-arrested-in-kuwait)