---
title: "നിയമ ലംഘകരായ പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി സൗദി; ഒരാഴ്ചയിൽ നിരവധി അറസ്റ്റുകൾ"
english_title: "Saudi Arabia steps up crackdown on illegal expatriates several arrests in one week"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/358977/saudi-arabia-steps-up-crackdown-on-illegal-expatriates-several-arrests-in-one-week"
published_at: "2026-05-12T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a031ac76a0ec_arrest33.jpg"
keywords: []
---

# നിയമ ലംഘകരായ പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി സൗദി; ഒരാഴ്ചയിൽ നിരവധി അറസ്റ്റുകൾ

> **Lead Summary:** സൗദി അറേബ്യ: നിയമ ലംഘകരായ പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ. കഴിഞ്ഞ ഒരു ആഴ്ചക്കിടയില്‍ പതിനൊന്നായിരത്തിലധികം നിയമ ലംഘകരാണ് പിടിയിലായത്. ഇതില്‍ പകുതിയില്‍ അധികം പേരും താമസ നിയമ ലംഘനങ്ങള്‍ നടത്തിയവരാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

## Article Content

സൗദി അറേബ്യ: നിയമ ലംഘകരായ പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ. കഴിഞ്ഞ ഒരു ആഴ്ചക്കിടയില്‍ പതിനൊന്നായിരത്തിലധികം നിയമ ലംഘകരാണ് പിടിയിലായത്. ഇതില്‍ പകുതിയില്‍ അധികം പേരും താമസ നിയമ ലംഘനങ്ങള്‍ നടത്തിയവരാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

താമസ നിയമ ലംഘനം, അതിര്‍ത്തി സുരക്ഷാ നിയമ ലംഘനം മുതലായ വിവിധ ചട്ടലംഘനങ്ങള്‍ നടത്തിയ 11,175 പ്രവാസികളാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പിടിയിലായത്. ഇവരില്‍ 6,153 പേര്‍ താമസ നിയമ ലംഘനത്തിനും 3,619 പേര്‍ അതിര്‍ത്തി സുരക്ഷാ ചട്ട ലംഘനത്തിനുമാണ് അറസ്റ്റിലായത്. പിടിയിലായ 1,403 പേര്‍ തൊഴില്‍ നിയമം ലംഘിച്ച് ജോലി ചെയ്തവരാണ്. ഇതില്‍ 36 ശതമാനം പേര്‍ യെമന്‍ പൗരന്മാരും 62 ശതമാനം എത്യോപ്യന്‍ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. കൂടാതെ, അതിര്‍ത്തി നിയമം ലംഘിച്ച് രാജ്യത്തിന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച 23 പേരും രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച 1,411 പേരും ഈ കാലയളവില്‍ അറസ്റ്റിലായി.

താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ കൊണ്ടുപോകുന്നതിനും താമസിപ്പിക്കുന്നതിനും ജോലി ചെയ്യുന്നതിനും ഒളിപ്പിക്കുന്നതിനും സഹായിച്ച 19 പേരും പിടിയിലായിട്ടുണ്ട്. നിലവില്‍ രാജ്യത്ത് രേഖകളില്ലാതെ കഴിയുന്ന 28,678 കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ 27,157 പുരുഷന്മാരും 1,521 സ്ത്രീകളും ഉള്‍പ്പെടുന്നു.യാത്രാ രേഖകള്‍ ഇല്ലാതെ പിടിയിലായ 19,441 പ്രവാസികള്‍ക്ക് അവ ലഭ്യമാക്കുന്നതിനു അതാത് നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരില്‍ 11,272 പേരുടെ നാട് കടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അഭയം നല്‍കുന്നതും മറ്റു സഹായങ്ങള്‍ ചെയ്യുന്നതും ഗുരുതര നിയമ ലംഘനമായി കണക്കാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം സഹായം നല്‍കുന്നവര്‍ക്ക് എതിരെ 15 വര്‍ഷം വരെ തടവും ഒരു ദശലക്ഷം റിയാല്‍ വരെ പിഴയും ചുമത്തും. കൂടാതെ, അഭയം നല്‍കാന്‍ ഉപയോഗിക്കുന്ന വാഹനവും താമസസ്ഥലവും കണ്ടുകെട്ടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/358977/saudi-arabia-steps-up-crackdown-on-illegal-expatriates-several-arrests-in-one-week)