---
title: "മലയാളി താരം ഫിഫാ ലോകകപ്പിന്; ഖത്തറിന്റെ 34 അംഗ പ്രാഥമിക ടീമില്‍ കണ്ണൂരുകാരന്‍ തഹ്‌സിനും"
english_title: "Malayali player for FIFA World Cup Kannur native Tahsin also in Qatar's 34 member preliminary squad"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/359096/malayali-player-for-fifa-world-cup-kannur-native-tahsin-also-in-qatars-34-member-preliminary-squad"
published_at: "2026-05-13T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0417c60f6bc_kannur_native.jpg"
keywords: []
---

# മലയാളി താരം ഫിഫാ ലോകകപ്പിന്; ഖത്തറിന്റെ 34 അംഗ പ്രാഥമിക ടീമില്‍ കണ്ണൂരുകാരന്‍ തഹ്‌സിനും

> **Lead Summary:** ദോഹ: ലോക ഫുട്ബാളിന്റെ മഹാമാമാങ്കത്തിന്റെ തിരുമുറ്റത്ത് ഒരു മലയാളി താരം പന്തുതട്ടുന്നത് മലയാളികൾക്കും സ്വപ്നം കാണാം. കേരളത്തിന് അഭിമാനമായി 2026 ലോകകപ്പിനുള്ള ഖത്തർ ദേശീയ ടീമിന്റെ 34 അംഗ പ്രാഥമിക ടീമിലാണ് മലയാളി താരം തഹ്സിൻ മുഹമ്മദ് ഇടംപിടിച്ചത്. അക്രം അഫീഫും ഹസൻ അൽഹൈദോസും അൽമുഈസ് അലിയുമടക്കം സീനിയർ താരങ്ങളെല്ലാം ഉൾപ്പെടുന്ന സ്ക്വാഡിലാണ് കണ്ണൂർ വളപട്ടണം സ്വദേശി ജംഷിദിന്റെ മകൻ തഹ്സിൻ മുഹമ്മദ് ഉൾപ്പെട്ടത്.

## Article Content

ദോഹ: ലോക ഫുട്ബാളിന്റെ മഹാമാമാങ്കത്തിന്റെ തിരുമുറ്റത്ത് ഒരു മലയാളി താരം പന്തുതട്ടുന്നത് മലയാളികൾക്കും സ്വപ്നം കാണാം. കേരളത്തിന് അഭിമാനമായി 2026 ലോകകപ്പിനുള്ള ഖത്തർ ദേശീയ ടീമിന്റെ 34 അംഗ പ്രാഥമിക ടീമിലാണ് മലയാളി താരം തഹ്സിൻ മുഹമ്മദ് ഇടംപിടിച്ചത്. അക്രം അഫീഫും ഹസൻ അൽഹൈദോസും അൽമുഈസ് അലിയുമടക്കം സീനിയർ താരങ്ങളെല്ലാം ഉൾപ്പെടുന്ന സ്ക്വാഡിലാണ് കണ്ണൂർ വളപട്ടണം സ്വദേശി ജംഷിദിന്റെ മകൻ തഹ്സിൻ മുഹമ്മദ് ഉൾപ്പെട്ടത്.

കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരങ്ങളിൽ, സ്പാനിഷ് പരിശീലകൻ ജൂലൻ ലോപ്റ്റെഗിയുടെ സംഘത്തിൽ തഹ്സിനുമുണ്ടായിരുന്നു. പക്ഷെ, ഖത്തർ യു.എ.ഇയെ 2-1ന് കീഴടക്കിയപ്പോൾ പകരക്കാരുടെ ബെഞ്ചിൽ തഹ്സിന്റെ സാന്നിധ്യമുണ്ടായിരുന്നു.

2021ൽ ദേശീയ അണ്ടർ 16 ടീമിൽ ഇടം പിടിച്ചണ് ശ്രദ്ധേയനാവുന്നത്. പിന്നീടുള്ള വർഷങ്ങളിൽ അണ്ടർ 17, 19 ടീമുകളിലും ഖത്തർ സ്റ്റാർസ് ലീഗ് ക്ലബായ അൽ ദുഹൈലിന്റെ സീനിയർ ടീമിലും ഇടംനേടി. 2024 മാർച്ചിലായിരുന്നു താരസമ്പന്നമായ അൽ ദുഹൈലിനായി അരങ്ങേറിയത്. 2024 ജൂണിൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഫ്ഗാനെതിരായ മത്സരത്തിലൂടെയായിരുന്നു തഹ്സിന്റെ ദേശീയ ടീമിലെ അരങ്ങേറ്റം.

തുടർന്നുള്ള വിവിധ മത്സരങ്ങളിൽ ടീമിന്റെ ഭാഗമായിരുന്നു. ഇതിനിടെ, കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചൈനയിൽ നടന്ന അണ്ടർ 20 ഏഷ്യൻ കപ്പിൽ ഖത്തറിനായി മൂന്നു മത്സരങ്ങളിലും ബൂട്ടണിഞ്ഞ് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ക്യൂ.എസ്.എല്ലിൽ അൽ ദുഹൈലിനായി വിവിധ മത്സരങ്ങളിൽ കളിച്ച താരം, കഴിഞ്ഞ ആഗസ്റ്റിൽ ലെബനാനെതിരായ സൗഹൃദ മത്സരത്തിലും കളിച്ചിട്ടുണ്ട്. അന്തിമ പട്ടികയിലും താരം ഇടംപിടിച്ചാൽ ഇക്കുറി ലോകകപ്പിൽ മലയാളിയും പന്തുതട്ടും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/359096/malayali-player-for-fifa-world-cup-kannur-native-tahsin-also-in-qatars-34-member-preliminary-squad)