---
title: "പതിനെട്ടിൽ മധുരം...! യുഎഇയിൽ പ്രായപൂർത്തി പരിധി 18 വയസ്സായി കുറച്ചു, നിയമം ജൂൺ 1 മുതൽ പ്രാബല്യത്തിൽ"
english_title: "The age of majority in the UAE has been lowered to 18 years."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/359638/the-age-of-majority-in-the-uae-has-been-lowered-to-18-years"
published_at: "2026-05-15T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06fe158ba5c_uae1.jpg"
keywords: []
---

# പതിനെട്ടിൽ മധുരം...! യുഎഇയിൽ പ്രായപൂർത്തി പരിധി 18 വയസ്സായി കുറച്ചു, നിയമം ജൂൺ 1 മുതൽ പ്രാബല്യത്തിൽ

> **Lead Summary:** അബുദാബി: [ യുഎഇയിൽ നിയമപരമായ പ്രായപൂർത്തി പരിധി 21ൽനിന്ന് 18 വയസ്സായി കുറച്ച നിയമം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ മുതിർന്ന പൗരന്മാർക്കു ലഭിക്കുന്ന എല്ലാ നിയമപരമായ അവകാശങ്ങളും അധികാരങ്ങളും 18 വയസ്സ് പൂർത്തിയായവർക്കും ലഭിക്കും. യുവാക്കൾക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും സാമ്പത്തിക ഇടപാടുകൾ നടത്താനും പുതിയ മാറ്റം കരുത്തേകും.

## Article Content

അബുദാബി: [ യുഎഇയിൽ നിയമപരമായ പ്രായപൂർത്തി പരിധി 21ൽനിന്ന് 18 വയസ്സായി കുറച്ച നിയമം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ മുതിർന്ന പൗരന്മാർക്കു ലഭിക്കുന്ന എല്ലാ നിയമപരമായ അവകാശങ്ങളും അധികാരങ്ങളും 18 വയസ്സ് പൂർത്തിയായവർക്കും ലഭിക്കും. യുവാക്കൾക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും സാമ്പത്തിക ഇടപാടുകൾ നടത്താനും പുതിയ മാറ്റം കരുത്തേകും.

**∙ നേട്ടങ്ങൾ**

രക്ഷിതാക്കളുടെ സഹായമില്ലാതെ സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് തുടങ്ങാനും പണം കൈകാര്യം ചെയ്യാനും സാധിക്കും. വ്യാപാര കരാറുകളിൽ ഏർപ്പെടാനും സ്വന്തമായി ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനും 18 വയസ്സുകാർക്ക് നിയമപരമായ അനുമതിയുണ്ടാകും.

**∙ സ്വത്തുക്കളുടെ അവകാശം**

പാരമ്പര്യമായി ലഭിച്ചതോ സ്വന്തമായി സമ്പാദിച്ചതോ ആയ സ്വത്തുക്കൾ കൈകാര്യം ചെയ്യാനും വിൽക്കാനുമുള്ള പൂർണ അധികാരം ലഭിക്കും.

**∙ നിയമപരമായ പദവി**

കോടതി വ്യവഹാരങ്ങളിലും മറ്റ് സർക്കാർ നടപടികളിലും രക്ഷിതാക്കളുടെയോ മറ്റോ സഹായമില്ലാതെ തന്നെ മുതിർന്ന പൗരനായി പരിഗണിക്കപ്പെടും.

**∙ പ്രത്യേക സാഹചര്യം**

ചില പ്രത്യേക സാഹചര്യങ്ങളിൽ സ്വന്തം ആസ്തികൾ കൈകാര്യം ചെയ്യാൻ കോടതി അനുമതി തേടാനുള്ള കുറഞ്ഞ പ്രായം 15 വയസാക്കി കുറയ്ക്കുകയും ചെയ്തു. നേരത്തെ ഇത് 18 വയസ്സായിരുന്നു. പുതിയ നിയമം കുട്ടിക്കാലം മുതൽക്കേ സാമ്പത്തിക അച്ചടക്കവും ഉത്തരവാദിത്തവും വളർത്താൻ സഹായിക്കുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സിവിൽ, ക്രിമിനൽ, തൊഴിൽ നിയമങ്ങൾക്കിടയിലുള്ള പ്രായപരിധി സംബന്ധിച്ച അവ്യക്തതകൾ ഒഴിവാക്കാൻ ഈ മാറ്റം സഹായിക്കും. യുഎഇയുടെ സാമ്പത്തിക രംഗത്ത് യുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സമഗ്ര നിയമ പരിഷ്കരണങ്ങളുടെ ഭാഗമായാണ് നടപടി. യുഎഇയിൽ നിലവിൽ 17 വയസ്സിൽ ഡ്രൈവിങ് ലൈസൻസും 18 വയസ്സിൽ ട്രേഡ് ലൈസൻസും നൽകി വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/359638/the-age-of-majority-in-the-uae-has-been-lowered-to-18-years)