---
title: "വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം; ഹാജിമാരിൽ 13,194 പേർ കേരളത്തിൽ നിന്ന്"
english_title: "13,194 pilgrims from Kerala to begin Hajj rituals tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/361442/13194-pilgrims-from-kerala-to-begin-hajj-rituals-tomorrow"
published_at: "2026-05-24T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12d6d9b9ce7_HAJJ.jpg"
keywords: ["LATEST NEWS", "HAJJ", "SAUDI ARABIA"]
---

# വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കം; ഹാജിമാരിൽ 13,194 പേർ കേരളത്തിൽ നിന്ന്

> **Lead Summary:** റിയാദ്:**[ ** ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾ കാത്തിരുന്ന വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കമാകും. ഹജ്ജിന്റെ ആദ്യ ദിനമായ ‘യൗമുത്തുർവിയ്യ’യിൽ (തർവിയാ ദിനം) പങ്കുചേരുന്നതിനായി ലക്ഷക്കണക്കിന് തീർഥാടകർ ഇന്ന് രാത്രി മുതൽ തന്നെ പുണ്യനഗരിയായ മിനായിലേക്ക് പുറപ്പെടും. ഇത്തവണ 15 ലക്ഷത്തിലധികം വിദേശ തീർഥാടകർ ഉൾപ്പെടെ ആകെ 18 ലക്ഷത്തോളം പേരാണ് ഹജ്ജ് നിർവഹിക്കാൻ പുണ്യഭൂമിയിൽ എത്തിയിരിക്കുന്നത്.

## Article Content

റിയാദ്:**[ ** ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾ കാത്തിരുന്ന വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കമാകും. ഹജ്ജിന്റെ ആദ്യ ദിനമായ ‘യൗമുത്തുർവിയ്യ’യിൽ (തർവിയാ ദിനം) പങ്കുചേരുന്നതിനായി ലക്ഷക്കണക്കിന് തീർഥാടകർ ഇന്ന് രാത്രി മുതൽ തന്നെ പുണ്യനഗരിയായ മിനായിലേക്ക് പുറപ്പെടും. ഇത്തവണ 15 ലക്ഷത്തിലധികം വിദേശ തീർഥാടകർ ഉൾപ്പെടെ ആകെ 18 ലക്ഷത്തോളം പേരാണ് ഹജ്ജ് നിർവഹിക്കാൻ പുണ്യഭൂമിയിൽ എത്തിയിരിക്കുന്നത്.

ഹജ്ജ് പ്രധാന ചടങ്ങുകൾ ഇങ്ങനെ:

നാളെ: മിനായിൽ രാപ്പാർക്കൽ (തർവിയാ ദിനം)

ചൊവ്വാഴ്ച: ഹജ്ജിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫാ സംഗമം. സൂര്യാസ്തമയത്തിനു ശേഷം തീർഥാടകർ മുസ്ദലിഫയിലേക്ക് നീങ്ങുകയും രാത്രി അവിടെ താമസിക്കുകയും ചെയ്യും.

ബുധൻ മുതൽ: വീണ്ടും മിനായിൽ തിരിച്ചെത്തുന്നു. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ രാപ്പാർപ്പ്, ബലി കർമം, ജംറകളിലെ കല്ലേറ് എന്നിവ പൂർത്തിയാകുന്നതോടെ ഹജ്ജ് കർമങ്ങൾക്ക് സമാപനമാകും.

ഹാജിമാരിൽ 13,194 പേർ കേരളത്തിൽ നിന്ന്

ഇന്ത്യയിൽ നിന്ന് ഇത്തവണ 1,22,518 തീർഥാടകരാണ് ഹജ്ജിനെത്തിയത്. ഇതിൽ 13,194 പേർ കേരളത്തിൽ നിന്നുള്ളവരാണ്. ഇന്ത്യൻ ഹാജിമാർക്ക് അതത് ഹജ്ജ് സർവീസ് കമ്പനികളുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി തന്നെ മിനായിലേക്ക് പുറപ്പെടാനുള്ള കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

പുണ്യസ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന മെട്രോ ട്രെയിൻ (മശാഇർ മെട്രോ) സൗകര്യം ഇത്തവണ ഒന്ന് മുതൽ 18 വരെയുള്ള ഹജ്ജ് കമ്പനി ഓഫീസുകൾക്കും (മക്തബുകൾ), 35-ാം നമ്പർ മക്തബിനും ലഭ്യമാക്കിയിട്ടുണ്ട്. ആയിരത്തോളം പേർ ഒഴികെ കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം തീർഥാടകർക്കും ഇത്തവണ മെട്രോ വഴിയാണ് യാത്രയൊരുക്കിയിരിക്കുന്നത്. മെട്രോ സൗകര്യമില്ലാത്ത മറ്റുള്ള ഹാജിമാരെ പ്രത്യേക ബസുകളിൽ മിനായിലേക്ക് എത്തിക്കും. സുരക്ഷിതവും ധന്യവുമായ ഹജ്ജ് കർമങ്ങൾക്കായി സൗദി ഭരണകൂടത്തിന്റെ കീഴിൽ പുണ്യഭൂമി പൂർണ്ണ സജ്ജമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/361442/13194-pilgrims-from-kerala-to-begin-hajj-rituals-tomorrow)