---
title: " നിങ്ങളറിഞ്ഞോ? കുവൈത്തിലെ ഇന്ത്യൻ സ്‌കൂളുകളിൽ പഠനഫീസ് കൂട്ടി; ജൂൺ അഞ്ച് മുതൽ പ്രാബല്യത്തിൽ"
english_title: "Content Highlights:- Fees increased in Indian schools in Kuwait; effective from June 5"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/362627/content-highlights-fees-increased-in-indian-schools-in-kuwait-effective-from-june-5"
published_at: "2026-05-30T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a5b0857068_kuewaut.jpg"
keywords: []
---

#  നിങ്ങളറിഞ്ഞോ? കുവൈത്തിലെ ഇന്ത്യൻ സ്‌കൂളുകളിൽ പഠനഫീസ് കൂട്ടി; ജൂൺ അഞ്ച് മുതൽ പ്രാബല്യത്തിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽ പഠനഫീസ് വർധിപ്പിച്ച് ഉത്തരവിറങ്ങി. വരാനിരിക്കുന്ന ജൂൺ അഞ്ച് മുതൽ പുതിയ ഫീസ് ഘടന പ്രാബല്യത്തിൽ വരും. കെജി ക്ലാസുകൾ മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ഈ ഫീസ് വർധനവ് ബാധകമായിരിക്കും.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിലെ ഇന്ത്യൻ സ്കൂളുകളിൽ പഠനഫീസ് വർധിപ്പിച്ച് ഉത്തരവിറങ്ങി. വരാനിരിക്കുന്ന ജൂൺ അഞ്ച് മുതൽ പുതിയ ഫീസ് ഘടന പ്രാബല്യത്തിൽ വരും. കെജി ക്ലാസുകൾ മുതൽ പ്ലസ്ടു വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ഈ ഫീസ് വർധനവ് ബാധകമായിരിക്കും.

നിലവിലുള്ള വാർഷിക ഫീസ് നിരക്കിന്റെ അടിസ്ഥാനത്തിലാണ് വർധന നിശ്ചയിച്ചിരിക്കുന്നത്. 300 മുതൽ 500 ദിനാർവരെ വാർഷിക ഫീസ് ഈടാക്കുന്ന സ്‌കൂളുകൾക്ക് 15 ശതമാനവും 501 ദിനാറിന് മുകളിലുള്ള സ്‌കൂളുകൾക്ക് 10 ശതമാനവുമാണ് വർധന അനുവദിച്ചിരിക്കുന്നത്.

പുതുക്കിയ വാർഷിക ഫീസ് നിരക്കുപ്രകാരം കെജി വിഭാഗത്തിന് 391 ദിനാർ, ഒന്നുമുതൽ അഞ്ചുവരെ ക്ലാസിൽ 435 ദിനാർ, ആറുമുതൽ എട്ടുവരെ ക്ലാസുകൾക്ക് 500 ദിനാർ, ഒമ്പതുമുതൽ 12 വരെ ക്ലാസുകൾക്ക് 561 ദിനാർ എന്നിങ്ങനെയുമായിരിക്കും ഫീസ്. പത്തിലധികം വർഷങ്ങൾക്കുശേഷമാണ് ഇന്ത്യൻ സ്‌കൂളുകളിൽ ഫീസ് വർധന നടപ്പാക്കുന്നതെന്നാണ് സ്‌കൂൾ മാനേജ്മെന്റുകൾ വ്യക്തമാക്കുന്നത്.

അതേസമയം, പ്രവാസി കുടുംബങ്ങളുടെ ജീവിതച്ചെലവ് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനം സാധാരണക്കാരായ രക്ഷിതാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുമെന്ന ആശങ്കയും ശക്തമാണ്. രക്ഷിതാക്കളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് ചില കർശന നിർദേശങ്ങളും അധികൃതർ മുന്നോട്ടുവച്ചിട്ടുണ്ട്.

അംഗീകൃത ഫീസിനുപുറമെ യാതൊരു അധിക തുകയും ഈടാക്കാൻ സ്‌കൂളുകൾക്ക് അനുമതിയുണ്ടാകില്ല. വർധിപ്പിച്ച ഫീസ് മൂന്ന് ഗഡുക്കളായി മാത്രമേ സ്വീകരിക്കാവൂ. ഫീസ് കുടിശ്ശികയുടെ പേരിൽ വിദ്യാർഥികളെ ക്ലാസിൽനിന്ന് ഒഴിവാക്കുകയോ പഠനം തടസ്സപ്പെടുത്തുകയോ ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/362627/content-highlights-fees-increased-in-indian-schools-in-kuwait-effective-from-june-5)