---
title: "ചന്ദ്രൻ കൂടുതൽ അകലേക്ക്! ആകാശത്ത് അപൂർവ ദൃശ്യവിരുന്ന്; ബഹ്‌റൈനിൽ നാളെ 'ബ്ലൂ മൈക്രോ മൂൺ' പ്രതിഭാസം"
english_title: "Content Highlights: A rare sighting in the sky of Bahrain tomorrow; 'Blue Micro Moon' is coming"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/362796/content-highlights-a-rare-sighting-in-the-sky-of-bahrain-tomorrow-blue-micro-moon-is-coming"
published_at: "2026-05-30T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ad0436873b_moon.jpg"
keywords: []
---

# ചന്ദ്രൻ കൂടുതൽ അകലേക്ക്! ആകാശത്ത് അപൂർവ ദൃശ്യവിരുന്ന്; ബഹ്‌റൈനിൽ നാളെ 'ബ്ലൂ മൈക്രോ മൂൺ' പ്രതിഭാസം

> **Lead Summary:** **മനാമ: **ബഹ്‌റൈനിലെ വാനനിരീക്ഷകർക്ക് അപൂർവ ദൃശ്യവിരുന്നൊരുക്കി നാളെ (മേയ് 31, ഞായർ) ആകാശത്ത് ‘ബ്ലൂ മൈക്രോ മൂൺ’ ദൃശ്യമാകും. ദുൽഹിജ്ജ മാസത്തിലെ പൗർണമിയോടനുബന്ധിച്ചാണ് ഈ അപൂർവ പ്രതിഭാസം സംഭവിക്കുന്നതെന്ന് പ്രമുഖ ബഹ്‌റൈനി ജ്യോതിശാസ്ത്ര ഗവേഷകൻ മുഹമ്മദ് രിദ അൽ അസ്ഫൂർ അറിയിച്ചു.

## Article Content

**മനാമ: **ബഹ്‌റൈനിലെ വാനനിരീക്ഷകർക്ക് അപൂർവ ദൃശ്യവിരുന്നൊരുക്കി നാളെ (മേയ് 31, ഞായർ) ആകാശത്ത് ‘ബ്ലൂ മൈക്രോ മൂൺ’ ദൃശ്യമാകും. ദുൽഹിജ്ജ മാസത്തിലെ പൗർണമിയോടനുബന്ധിച്ചാണ് ഈ അപൂർവ പ്രതിഭാസം സംഭവിക്കുന്നതെന്ന് പ്രമുഖ ബഹ്‌റൈനി ജ്യോതിശാസ്ത്ര ഗവേഷകൻ മുഹമ്മദ് രിദ അൽ അസ്ഫൂർ അറിയിച്ചു.

ഭൂമിയിൽ നിന്നും ഏറ്റവും അകലെയുള്ള ഭ്രമണപഥത്തിന്റെ അറ്റത്ത് ചന്ദ്രൻ എത്തുന്ന ദിവസമാണിതെന്ന പ്രത്യേകതയുമുണ്ട്. ഭൂമിയിൽ നിന്നും ഏകദേശം 4,06,000 കിലോമീറ്റർ അകലെയായിരിക്കും നാളെ ചന്ദ്രന്റെ സ്ഥാനം.

ഇത്രയും ദൂരത്തിലായതിനാൽ സാധാരണ പൗർണമി രാവുകളിൽ കാണാറുള്ളതിനേക്കാൾ ചന്ദ്രൻ അല്പം ചെറുതായിട്ടായിരിക്കും നാളെ അനുഭവപ്പെടുക. ഇതിനെയാണ് ശാസ്ത്രലോകം ‘മൈക്രോ മൂൺ’ എന്ന് വിളിക്കുന്നത്. ഒരു ‘ബ്ലൂ മൂണും’ ‘മൈക്രോ മൂണും’ ഒരേ ദിവസം വരുന്നത് വളരെ അപൂർവമായ കാര്യമാണെന്ന് അൽ അസ്ഫൂർ വ്യക്തമാക്കി.

നാളെ പ്രാദേശിക സമയം പകൽ 11.45നാണ് ചന്ദ്രൻ അതിന്റെ പൂർണ്ണ പ്രഭയിലെത്തുക. എന്നാൽ ആ സമയത്ത് ചന്ദ്രൻ ചക്രവാളത്തിന് താഴെയായിരിക്കുമെന്നതിനാൽ ദൃശ്യമാകില്ല. തുടർന്ന് സൂര്യാസ്തമയത്തിന് ശേഷം വൈകീട്ട് 6.46ഓടെ ബഹ്‌റൈൻ ആകാശത്ത് ചന്ദ്രൻ ഉദിച്ചുയരും. പിറ്റേന്ന് പുലർച്ചെ സൂര്യോദയത്തിന് ശേഷം 5:07ന് അസ്തമിക്കുന്നത് വരെ ഇത് ആകാശത്ത് ദൃശ്യമായിരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/362796/content-highlights-a-rare-sighting-in-the-sky-of-bahrain-tomorrow-blue-micro-moon-is-coming)