---
title: "നഗരത്തിൽ പശ തേച്ച് പോസ്റ്ററൊട്ടിച്ചാൽ പണി കിട്ടും; മനാമയിൽ നിയമവിരുദ്ധ പരസ്യങ്ങൾക്കെതിരെ കർശന നടപടിയുമായി അധികൃതർ"
english_title: "Authorities take strict action against illegal advertisements in Manama"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363198/authorities-take-strict-action-against-illegal-advertisements-in-manama"
published_at: "2026-06-01T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d69985610a_against_illegal_advertisements_in_Manama.jpg"
keywords: ["Latest News", "Manama", "Capital Trustees Board"]
---

# നഗരത്തിൽ പശ തേച്ച് പോസ്റ്ററൊട്ടിച്ചാൽ പണി കിട്ടും; മനാമയിൽ നിയമവിരുദ്ധ പരസ്യങ്ങൾക്കെതിരെ കർശന നടപടിയുമായി അധികൃതർ

> **Lead Summary:** മനാമ: മനാമയിലെ പൊതു-സ്വകാര്യ ഇടങ്ങളിൽ നിയമവിരുദ്ധമായി പോസ്റ്ററുകളും പരസ്യങ്ങളും പതിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് രംഗത്ത്. വ്യാപാര സ്ഥാപനങ്ങളുടെ ജനാലകൾ, ചുവരുകൾ, വാതിലുകൾ, ട്രാഫിക് സിഗ്നൽ പോസ്റ്റുകൾ എന്നിവിടങ്ങളിലെല്ലാം പശ ഉപയോഗിച്ച് പോസ്റ്ററുകൾ ഒട്ടിക്കുന്നത് നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്നതായും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.

## Article Content

മനാമ: മനാമയിലെ പൊതു-സ്വകാര്യ ഇടങ്ങളിൽ നിയമവിരുദ്ധമായി പോസ്റ്ററുകളും പരസ്യങ്ങളും പതിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് രംഗത്ത്. വ്യാപാര സ്ഥാപനങ്ങളുടെ ജനാലകൾ, ചുവരുകൾ, വാതിലുകൾ, ട്രാഫിക് സിഗ്നൽ പോസ്റ്റുകൾ എന്നിവിടങ്ങളിലെല്ലാം പശ ഉപയോഗിച്ച് പോസ്റ്ററുകൾ ഒട്ടിക്കുന്നത് നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്നതായും വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.

റൂമുകൾ വാടകയ്ക്ക്, വിവിധ തരം ക്വിക്ക് സർവീസുകൾ തുടങ്ങിയ പരസ്യങ്ങളാണ് നഗരത്തിൽ വ്യാപകമായി പ്രത്യക്ഷപ്പെടുന്നത്. ഇവയിലുള്ള ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും കേന്ദ്രീകരിച്ച് കുറ്റക്കാരെ കണ്ടെത്താനും അവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ വഴി കർശന നിയമനടപടികൾ സ്വീകരിക്കാനുമാണ് നിലവിലെ തീരുമാനം.

മുൻസിപ്പൽ ഉദ്യോഗസ്ഥർ, പോലീസ്, മറ്റ് സിവിൽ അധികാരികൾ എന്നിവർ സംയുക്തമായി ഇതിനെതിരെ രംഗത്തിറങ്ങണമെന്ന് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സാലിഹ് തരാദ പറഞ്ഞു. സോഷ്യൽ മീഡിയ വഴി സന്ദേശങ്ങൾ കൈമാറാൻ ഇക്കാലത്ത് ഒട്ടനവധി മികച്ച മാർഗങ്ങളുള്ളപ്പോൾ, പൊതുമുതൽ നശിപ്പിക്കുന്ന ഇത്തരം രീതികൾ ഒട്ടും അംഗീകരിക്കാനാവില്ല. പരസ്യങ്ങളിൽ നൽകിയിരിക്കുന്ന കോൺടാക്ട് നമ്പറുകൾ വഴി പ്രതികളെ എളുപ്പത്തിൽ കണ്ടെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലീനിംഗ് ജീവനക്കാർ ഈ പോസ്റ്ററുകൾ നീക്കം ചെയ്യുന്നുണ്ടെങ്കിലും, ഇതിനായി ഉപയോഗിക്കുന്ന പശയുടെ കറകൾ മായ്ക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ക്യാപിറ്റൽ ട്രസ്റ്റീസ് അതോറിറ്റി ഡയറക്ടർ ജനറൽ ആലിയ യൂസഫ് പറഞ്ഞു. പലപ്പോഴും പഴയ പോസ്റ്ററുകൾക്ക് മുകളിൽ പുതിയവ പതിക്കുന്നത് ചുവരുകളിലെ പെയിന്റും ഗ്ലാസുകളും നശിക്കാൻ കാരണമാകുന്നു. പരസ്യങ്ങളിൽ നൽകിയിട്ടുള്ള നമ്പറുകളിലേക്ക് അതോറിറ്റി ഇപ്പോൾ ബന്ധപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. പ്രവാസികൾ കൂടുതലായി താമസിക്കുന്ന ഗുദൈബിയ പോലുള്ള പ്രദേശങ്ങളിലാണ് ഈ പ്രശ്നം കൂടുതൽ രൂക്ഷമെന്നും പ്രതിനിധികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363198/authorities-take-strict-action-against-illegal-advertisements-in-manama)