---
title: "പൊതുജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം; വ്യോമാക്രമണ അവശിഷ്ടങ്ങൾ സ്പർശിക്കുകയോ, അടുത്തുപോകുകയോ ചെയ്യരുതെന്ന് കുവൈത്ത് സൈന്യം"
english_title: "Kuwaiti military issues alert to public after defending against Iranian airstrikes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363558/kuwaiti-military-issues-alert-to-public-after-defending-against-iranian-airstrikes"
published_at: "2026-06-03T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fd9624254a_kuwait.jpg"
keywords: ["Latest News", "Gulf News", "Kuwait Army", "Iran"]
---

# പൊതുജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം; വ്യോമാക്രമണ അവശിഷ്ടങ്ങൾ സ്പർശിക്കുകയോ, അടുത്തുപോകുകയോ ചെയ്യരുതെന്ന് കുവൈത്ത് സൈന്യം

> **Lead Summary:** **കുവൈത്ത് സിറ്റി: **രാജ്യത്തിന് നേരെയുണ്ടായ ഇറാൻ വ്യോമാക്രമണ ലക്ഷ്യങ്ങളെ പ്രതിരോധിച്ചതിനെത്തുടർന്ന് പൊതുജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശവുമായി കുവൈത്ത് സൈന്യം.

## Article Content

**കുവൈത്ത് സിറ്റി: **രാജ്യത്തിന് നേരെയുണ്ടായ ഇറാൻ വ്യോമാക്രമണ ലക്ഷ്യങ്ങളെ പ്രതിരോധിച്ചതിനെത്തുടർന്ന് പൊതുജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശവുമായി കുവൈത്ത് സൈന്യം.

ഭൂമിയിൽ പതിച്ചേക്കാവുന്ന അവശിഷ്ടങ്ങൾ, ചില്ലുകൾ, അല്ലെങ്കിൽ തിരിച്ചറിയാൻ കഴിയാത്ത മറ്റ് വസ്തുക്കൾ എന്നിവയ്ക്ക് അരികിലേക്ക് പോകരുതെന്ന് അധികൃതർ സ്വദേശികളോടും പ്രവാസികളോടും ആവശ്യപ്പെട്ടു.

ഇത്തരം അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നത് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന് സൈന്യം മുന്നറിയിപ്പ് നൽകി.

പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ ഒതൈബി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് അധികൃതർ ഈ സുരക്ഷാ നിർദേശങ്ങൾ വ്യക്തമാക്കിയത്.

സംശയാസ്പദമായ രീതിയിലുള്ള എന്തെങ്കിലും അവശിഷ്ടങ്ങളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 112 എന്ന എമർജൻസി നമ്പറിൽ വിളിച്ചോ അല്ലെങ്കിൽ ബന്ധപ്പെട്ട മറ്റ് അധികാരികളെ നേരിട്ടോ അറിയിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

പൊതുജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും വ്യാജ വാർത്തകളിൽ വീണുപോകാതെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളെയും അപ്ഡേറ്റുകളെയും മാത്രം ആശ്രയിക്കണമെന്നും ജനറൽ സ്റ്റാഫ് അഭ്യർത്ഥിച്ചു.

രാജ്യത്തെ മുഴുവൻ താമസക്കാരുടെയും സുരക്ഷിതത്വവും സമാധാനവും ഉറപ്പാക്കുന്നതിന് ഇത്തരം മാർ​ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിലും അധികൃതരുമായി സഹകരിക്കുന്നതിലും പൊതുജനങ്ങളുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് ഉദ്യോഗസ്ഥർ എടുത്തുപറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363558/kuwaiti-military-issues-alert-to-public-after-defending-against-iranian-airstrikes)