---
title: "ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളിൽ വ്യാപക പരിശോധന; മാനദണ്ഡങ്ങൾ ലംഘിച്ച കീടനാശിനികൾ പിടിച്ചെടുത്തു"
english_title: "Pesticides that violated standards seized in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363806/pesticides-that-violated-standards-seized-in-oman"
published_at: "2026-06-04T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a214f12c6315_OMAN.jpg"
keywords: ["Latest News", "Oman", "Pesticides Seized"]
---

# ഒമാനിൽ വാണിജ്യ സ്ഥാപനങ്ങളിൽ വ്യാപക പരിശോധന; മാനദണ്ഡങ്ങൾ ലംഘിച്ച കീടനാശിനികൾ പിടിച്ചെടുത്തു

> **Lead Summary:** **മസ്‌കത്ത്: [** ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തിൽ വാണിജ്യ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി.

## Article Content

**മസ്‌കത്ത്: [** ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തിൽ വാണിജ്യ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി.

ഗവർണറേറ്റിലെ അൽ ജാസിർ വിലായത്തിൽ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയ പ്രത്യേക കാമ്പെയ്നിലാണ് അംഗീകൃത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്ത വലിയ അളവിലുള്ള കീടനാശിനികൾ പിടിച്ചെടുത്തത്.

വിപണിയിൽ വിൽപനയ്ക്കായി വെച്ചിരുന്ന ഉൽപന്നങ്ങൾ കൃത്യമായ ആരോഗ്യ-സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനായിരുന്നു അധികൃതരുടെ പരിശോധന.

നിശ്ചിത നിയമങ്ങൾക്ക് വിരുദ്ധമായി കണ്ടെത്തിയ ഉൽപന്നങ്ങൾ ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി വിപണിയിൽ നിന്ന് ഉടനടി പിൻവലിക്കുകയും നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ അൽ ജാസിർ വിഭാഗം, അൽ വുസ്ത ഗവർണറേറ്റിലെ കൃഷി-ഫിഷറീസ്-ജലവിഭവ ഡയറക്ടറേറ്റ് ജനറൽ, അൽ വുസ്ത മുനിസിപ്പാലിറ്റി എന്നിവർ സംയുക്തമായാണ് വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ ഈ പരിശോധന പൂർത്തിയാക്കിയത്.

വിപണിയിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും, വിലസ്ഥിരത കൃത്യമായി നിരീക്ഷിക്കാനും അതോടൊപ്പം തന്നെ രാജ്യത്തെ വാണിജ്യ നിയമങ്ങൾ സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താനുമാണ് ഇത്തരം സംയുക്ത പരിശോധനകളിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363806/pesticides-that-violated-standards-seized-in-oman)