---
title: "കോഴിക്കോട് സ്വദേശിയായ യുവാവ് റിയാദിൽ മരിച്ചു; മരണം പക്ഷാഘാതം ബാധിച്ച്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെ "
english_title: "A young man from Kozhikode passed away in Riyadh."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363846/a-young-man-from-kozhikode-passed-away-in-riyadh"
published_at: "2026-06-04T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2185f52eeb3_gcc.jpg"
keywords: ["Latest News", "Gulf News", "Death"]
---

# കോഴിക്കോട് സ്വദേശിയായ യുവാവ് റിയാദിൽ മരിച്ചു; മരണം പക്ഷാഘാതം ബാധിച്ച്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 

> **Lead Summary:** **റിയാദ്: ഒ**രു വർഷത്തോളമായി റിയാദിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് മണ്ണൂർ അമ്പാടി വീട്ടിൽ സുനിൽ കുമാർ മരിച്ചു.

## Article Content

**റിയാദ്: ഒ**രു വർഷത്തോളമായി റിയാദിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് മണ്ണൂർ അമ്പാടി വീട്ടിൽ സുനിൽ കുമാർ മരിച്ചു.

പക്ഷാഘാതം ബാധിച്ച് ദീർഘനാളായി വെൻറിലേറ്ററി​െൻറ സഹായത്തോടെ ചികിത്സയിൽ കഴിയുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസ് മാർഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.

കഴിഞ്ഞ വർഷം ജൂലൈ 25-ന് ജോലിക്ക് പോകുന്നതിനിടയിലാണ് സുനിൽ കുമാറിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് റിയാദിലെ അൽ ജസീറ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് പരിശോധനയിൽ പക്ഷാഘാതം സ്ഥിരീകരിക്കുകയായിരുന്നു.

റിയാദിലെ അൽ ജസീറ ആശുപത്രിയിലെ മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം, കൂടുതൽ വിദഗ്ധ പരിചരണത്തിനായി കഴിഞ്ഞ ഏപ്രിൽ 30-നാണ് റിയാദിലെ ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനിലയിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബവും സുഹൃത്തുക്കളും.

അസുഖബാധിതനായ നാൾ മുതൽ സുനിൽ കുമാറിന് തണലായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ടായിരുന്നു. റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ട്രഷറർ റാഷിദ് ദയ നിരന്തരം നാട്ടിലെ കുടുംബവുമായി ഫോൺ മാർഗം ബന്ധപ്പെടുകയും ആവശ്യമായ ആശ്വാസവും പിന്തുണയും നൽകുകയും ചെയ്തിരുന്നു.

ആശുപത്രി അധികൃതരുമായും ഇന്ത്യൻ എംബസിയുമായും കുടുംബവുമായും നിരന്തരം ആശയവിനിമയം നടത്തിയ വെൽഫെയർ വിങ് പ്രവർത്തകർ, സുനിൽ കുമാറിനെ വെൻറിലേറ്റർ സംവിധാനത്തോടെ വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള ഫൈനൽ എക്സിറ്റ് നടപടികൾ വരെ പൂർത്തിയാക്കിയിരുന്നു.

എന്നാൽ യാത്രാ തീയതി അടുക്കാനിരിക്കെ ആരോഗ്യസ്ഥിതി വീണ്ടും വഷളാവുകയും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വെൻറിലേറ്റർ ചികിത്സ തുടരുകയുമായിരുന്നു.

ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷകൾക്കിടയിലാണ് ഇപ്പോൾ അപ്രതീക്ഷിത വിയോഗമുണ്ടായിരിക്കുന്നത്. പരേതനായ ഉണ്ണി കോഴിശ്ശേരിയുടെയും നാരായണിയുടെയും മകനാണ്. ഷാനിയാണ് ഭാര്യ. ആദർശ്, ദൃശ്യ എന്നിവർ മക്കളാണ്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരമായ തുടർനടപടികൾ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ട്രഷറർ റാഷിദ് ദയ എന്നിവരുടെ നേതൃത്വത്തിൽ സലീം സിയാംകണ്ടം, ജാഫർ വീമ്പൂർ, അബ്​ദുറഹ്​മാൻ ചേലമ്പ്ര, നസീർ കണ്ണീരി എന്നിവർ ഏകോപിപ്പിച്ചു വരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363846/a-young-man-from-kozhikode-passed-away-in-riyadh)