---
title: "റിയാദിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവിനെ കാണാതായതായി പരാതി"
english_title: "A Malayali Youth Undergoing Treatment At A Hospital In Riyadh Has Been Reported Missing "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363887/a-malayali-youth-undergoing-treatment-at-a-hospital-in-riyadh-has-been-reported-missing"
published_at: "2026-06-05T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a223094703ca_missing.jpg"
keywords: ["Latest News", "Missing", "Malayali Youth", "Riyadh"]
---

# റിയാദിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവിനെ കാണാതായതായി പരാതി

> **Lead Summary:** റിയാദ്: തലക്ക് പരിക്കേറ്റ് റിയാദിലെ കിങ്​ സഊദ് മെഡിക്കൽ സിറ്റിയിൽ (ശുമൈസി ആശുപത്രി) ചികിത്സയിലായിരുന്ന മലയാളി യുവാവിനെ ആശുപത്രിയിൽ നിന്നും കാണാതായി. തൃശൂർ ഒല്ലൂർ പാലക്കൽ തോമസി​െൻറ മകൻ ടിൻസനെയാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായത്.

## Article Content

റിയാദ്: തലക്ക് പരിക്കേറ്റ് റിയാദിലെ കിങ്​ സഊദ് മെഡിക്കൽ സിറ്റിയിൽ (ശുമൈസി ആശുപത്രി) ചികിത്സയിലായിരുന്ന മലയാളി യുവാവിനെ ആശുപത്രിയിൽ നിന്നും കാണാതായി. തൃശൂർ ഒല്ലൂർ പാലക്കൽ തോമസി​െൻറ മകൻ ടിൻസനെയാണ് കഴിഞ്ഞ ദിവസം രാത്രി മുതൽ കാണാതായത്.

കഴിഞ്ഞ മെയ് 18-നാണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ടിൻസനെ റിയാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സക്കായി ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയത്.

തീവ്രപരിചരണ വിഭാഗത്തിലെ ഏതാനും ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനിലയിൽ പുരോഗതി കണ്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ജനറൽ വാർഡിലേക്ക് മാറ്റിയിരുന്നു. എന്നാൽ, പൂർണമായി ഓർമ്മശക്തി തിരികെ ലഭിക്കുന്നതിന് മുൻപാണ് ടിൻസൻ ആശുപത്രിയിൽ നിന്നും ഇറങ്ങിപ്പോയതെന്നാണ് വിവരം.

നാട്ടിൽ നിന്നും രാജ്യസഭാ എം.പി. പി.പി. സുനീർ വിഷയത്തിൽ ഇടപെടുകയും, റിയാദിലെ സാമൂഹിക പ്രവർത്തകനും ന്യൂ ഇന്ത്യ സാംസ്കാരിക വേദി ഭാരവാഹിയുമായ എം. സാലി ആലുവയെ ബന്ധപ്പെടുകയും ചെയ്തതോടെയാണ് ടിൻസ​െൻറ രോഗാവസ്ഥയെക്കുറിച്ചും കാണാതായതിനെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തറിയുന്നത്.

രണ്ടു വർഷം മുമ്പ് വരെ റിയാദ് എക്സിറ്റ് 17-ലുള്ള ഒരു ടയർ കടയിലായിരുന്നു ടിൻസൻ ജോലി ചെയ്തിരുന്നത്. നിലവിൽ ഇഖാമ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നതിനാൽ ഇദ്ദേഹത്തി​െൻറ താമസസ്ഥലത്തെക്കുറിച്ചോ സുഹൃത്തുക്കളെക്കുറിച്ചോ കൃത്യമായ വിവരമില്ല.

റിയാദിലെ തൃശൂർ ജില്ലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ സുഹൃത്തുക്കളെയും താമസസ്ഥലവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ റിയാദിലെ സാമൂഹിക പ്രവർത്തകരുമായോ കെ.എം.സി.സി ഭാരവാഹികളുമായോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363887/a-malayali-youth-undergoing-treatment-at-a-hospital-in-riyadh-has-been-reported-missing)