---
title: "മകൻ കാത്തിരുന്നു, റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കാൻ ബന്ധുക്കളും ഒരുങ്ങി; നാട്ടിലേക്ക് മടങ്ങും മുൻപേ മൻസൂറിനെ കവർന്ന് കുവൈത്തിലെ ഡ്രോൺ ആക്രമണം"
english_title: "Drone attack in Kuwait, Mansoor Ahmed, a native of Ujjain, Madhya Pradesh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/363898/drone-attack-in-kuwait-mansoor-ahmed-a-native-of-ujjain-madhya-pradesh"
published_at: "2026-06-05T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22476539825_ANSOON.jpg"
keywords: ["Drone attack in Kuwait", "Mansoor Ahmed", "a native of Ujjain", "Madhya Pradesh"]
---

# മകൻ കാത്തിരുന്നു, റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കാൻ ബന്ധുക്കളും ഒരുങ്ങി; നാട്ടിലേക്ക് മടങ്ങും മുൻപേ മൻസൂറിനെ കവർന്ന് കുവൈത്തിലെ ഡ്രോൺ ആക്രമണം

> **Lead Summary:** **കുവൈത്ത് സിറ്റി : **നീണ്ട മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ആ 55–കാരനെ മരണം കവർന്നത്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മധ്യപ്രദേശ് ഉജ്ജയിൻ സ്വദേശി മൻസൂർ അഹമ്മദിന്റെ വിയോഗം ഒരു നാടിന്റെയാകെ കണ്ണീരാവുകയാണ്.

## Article Content

**കുവൈത്ത് സിറ്റി : **നീണ്ട മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ആ 55–കാരനെ മരണം കവർന്നത്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മധ്യപ്രദേശ് ഉജ്ജയിൻ സ്വദേശി മൻസൂർ അഹമ്മദിന്റെ വിയോഗം ഒരു നാടിന്റെയാകെ കണ്ണീരാവുകയാണ്.

തയ്യൽ തൊഴിലാളിയായ മൻസൂർ ഈ മാസം എട്ടിന് നടക്കുന്ന സഹോദരപുത്രന്റെ വിവാഹത്തിൽ പങ്കെടുക്കാനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുമായി നാട്ടിലേക്ക് പോകാൻ ഏറെ സന്തോഷത്തോടെയാണ് വിമാനത്താവളത്തിൽ എത്തിയത്. ഇന്നലെ രാവിലെ 7.30 നുള്ള വിമാനത്തിൽ മുംബൈയിലെത്തി അവിടെനിന്ന് ട്രെയിൻ മാർഗം നാട്ടിലേക്ക് പോകാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

വീട്ടുകാരും ബന്ധുക്കളും ചേർന്ന് റെയിൽവേ സ്റ്റേഷനിൽ അദ്ദേഹത്തെ സ്വീകരിക്കാനുള്ള ഒരുക്കത്തിലുമായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് തന്റെ പതിനെട്ടുകാരനായ മകനോട് ഫോണിൽ സംസാരിക്കുമ്പോൾ അത് തങ്ങളുടെ അവസാനത്തെ സംഭാഷണമായിരിക്കുമെന്ന് ആ മകൻ ഒട്ടും കരുതിയിരുന്നില്ല.

മൻസൂറിനെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകാനിരുന്ന ബന്ധുക്കൾക്ക് ഒടുവിൽ ലഭിച്ചത് അദ്ദേഹത്തിന്റെ മരണവാർത്തയായിരുന്നു. തങ്ങളെല്ലാം അദ്ദേഹത്തെ സ്റ്റേഷനിൽ എതിരേൽക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നും ഇപ്പോൾ ജീവനറ്റ ശരീരം ഏറ്റുവാങ്ങാൻ ഗുജറാത്തിലേക്ക് പോകേണ്ടി വന്നിരിക്കുന്നുവെന്നും മൻസൂറിന്റെ ഭാര്യാസഹോദരൻ മുഹമ്മദ് ഇസ്മായിൽ വിതുമ്പലോടെ പറഞ്ഞു.

മൻസൂറിന്റെ ഭൗതികശരീരം വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് വിവരം. ഭാര്യയും മകനും രണ്ട് പെൺമക്കളും പ്രായമായ അമ്മയുമടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/363898/drone-attack-in-kuwait-mansoor-ahmed-a-native-of-ujjain-madhya-pradesh)