---
title: "സൗദി വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസ്: യുകെയിൽ പ്രതിക്ക് ജീവപര്യന്തം തടവ്"
english_title: "Saudi student murder case: Accused sentenced to life in prison in UK"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364015/saudi-student-murder-case-accused-sentenced-to-life-in-prison-in-uk"
published_at: "2026-06-05T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a228a67b65c4_rftgutyh.jpg"
keywords: ["LATEST NEWS", "Saudi student murder case", "UK"]
---

# സൗദി വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസ്: യുകെയിൽ പ്രതിക്ക് ജീവപര്യന്തം തടവ്

> **Lead Summary:** സൗദി അറേബ്യ:**[ ** ബ്രിട്ടനിൽ സൗദി അറേബ്യൻ വിദ്യാർത്ഥി മുഹമ്മദ് അൽ ഖാസിം കൊല്ലപ്പെട്ട കേസിൽ പ്രതിയായ ചാൾസ് കോറിഗന് കേംബ്രിഡ്ജ് ക്രൗൺ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പ്രതിക്ക് ഇളവുകളോടെയുള്ള പരോൾ ലഭിക്കണമെങ്കിൽ കുറഞ്ഞത് 22 വർഷമെങ്കിലും ജയിൽ ശിക്ഷ പൂർത്തിയാക്കണമെന്ന് കോടതി കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.

## Article Content

സൗദി അറേബ്യ:**[ ** ബ്രിട്ടനിൽ സൗദി അറേബ്യൻ വിദ്യാർത്ഥി മുഹമ്മദ് അൽ ഖാസിം കൊല്ലപ്പെട്ട കേസിൽ പ്രതിയായ ചാൾസ് കോറിഗന് കേംബ്രിഡ്ജ് ക്രൗൺ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പ്രതിക്ക് ഇളവുകളോടെയുള്ള പരോൾ ലഭിക്കണമെങ്കിൽ കുറഞ്ഞത് 22 വർഷമെങ്കിലും ജയിൽ ശിക്ഷ പൂർത്തിയാക്കണമെന്ന് കോടതി കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിൽ വിചാരണ പൂർത്തിയാക്കിയ കോടതി ജൂറി, പ്രതി പൂർണ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷൻ സമർപ്പിച്ച ആസൂത്രിത കൊലപാതകത്തിൻ്റെ തെളിവുകൾ രണ്ടാഴ്ച നീണ്ട ചർച്ചകൾക്കൊടുവിലാണ് ജൂറി അംഗീകരിച്ചത്. താൻ സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചതാണെന്ന പ്രതിയുടെ വാദങ്ങൾ കോടതി പൂർണ്ണമായും തള്ളി.

വിചാരണ വേളയിൽ കോടതിയിൽ പ്രദർശിപ്പിച്ച സിസിടിവി ദൃശ്യങ്ങൾ പ്രതിക്കെതിരെയുള്ള ശക്തമായ തെളിവുകളായി മാറി. മുഹമ്മദ് അൽ ഖാസിമിനെ പ്രതി കത്തികൊണ്ട് കുത്തുന്നതും, അതിനുശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുന്നതും ഈ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

10 ആഴ്ചത്തെ പഠന പ്രോഗ്രാമിനായി കേംബ്രിഡ്ജിൽ എത്തിയപ്പോഴാണ് സൗദി വിദ്യാർത്ഥിക്ക് നേരെ മാരകമായ ആക്രമണമുണ്ടാകുന്നത്. തുടർന്ന് കേംബ്രിഡ്ജ് സ്വദേശിയായ ചാൾസ് കോറിഗനെ കൊലപാതകക്കുറ്റത്തിനും പൊതുസ്ഥലത്ത് മാരകായുധം കൈവശം വെച്ചതിനും ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച മറ്റ് രണ്ടുപേരെയും യുകെ അധികൃതർ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364015/saudi-student-murder-case-accused-sentenced-to-life-in-prison-in-uk)