---
title: "റൈഡർമാർക്ക് ഇനി ചൂടേൽക്കില്ല! ദുബായിൽ എസി വിശ്രമകേന്ദ്രങ്ങളുമായി ആർടിഎ; ചാർജിങ് സ്റ്റേഷനും തണുത്ത വെള്ളവും റെഡി"
english_title: "RTA ready with AC rest areas in Dubai, charging stations and cold water"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364022/rta-ready-with-ac-rest-areas-in-dubai-charging-stations-and-cold-water"
published_at: "2026-06-05T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a228ffe0e7f9_RTA_ready_with_AC_rest_areas_in_Dubai.jpg"
keywords: ["Latest News", "Dubai", "Delivery Riders", "Gulf News", "Dubai RTA Rest Areas For Riders"]
---

# റൈഡർമാർക്ക് ഇനി ചൂടേൽക്കില്ല! ദുബായിൽ എസി വിശ്രമകേന്ദ്രങ്ങളുമായി ആർടിഎ; ചാർജിങ് സ്റ്റേഷനും തണുത്ത വെള്ളവും റെഡി

> **Lead Summary:** ദുബൈ: കഠിനമായ വേനൽക്കാലത്തിന് മുന്നോടിയായി ഡെലിവറി റൈഡർമാർക്കായുള്ള എയർകണ്ടീഷൻ ചെയ്ത വിശ്രമകേന്ദ്രങ്ങൾ പൂർണ സജ്ജമായതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

## Article Content

ദുബൈ: കഠിനമായ വേനൽക്കാലത്തിന് മുന്നോടിയായി ഡെലിവറി റൈഡർമാർക്കായുള്ള എയർകണ്ടീഷൻ ചെയ്ത വിശ്രമകേന്ദ്രങ്ങൾ പൂർണ സജ്ജമായതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

റോഡ് സുരക്ഷ വർധിപ്പിക്കുക, റൈഡർമാരുടെ കഠിനാധ്വാനം പരിഗണിച്ച് അപകടസാധ്യതകൾ കുറയ്ക്കുക, അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. അതോടൊപ്പം ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് ആർ.ടി.എ ഈ പുതിയ പദ്ധതി നടപ്പാക്കുന്നത്.

ഡെലിവറി റൈഡർമാർക്കുള്ള എയർകണ്ടീഷൻ വിശ്രമകേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണികളും ഒരുക്കങ്ങളും പൂർത്തിയായി. ദുബൈയിലെ പ്രധാന മേഖലകളായ ഹെസ്സ സ്ട്രീറ്റ്, അൽ ഖവാനീജ്, അൽ ബർഷ, അൽ സത്വ, ഊദ് മേത്ത, അൽ കറാമ, അർജാൻ എന്നിവയുൾപ്പെടെ വിവിധയിടങ്ങളിലായി 40 ഓളം വിശ്രമകേന്ദ്രങ്ങളാണ് സജ്ജീകരിച്ചത്. റൈഡർമാർക്ക് തങ്ങളുടെ ജോലി സുരക്ഷിതമായും ഫലപ്രദമായും ചെയ്യാനുള്ള മികച്ച അന്തരീക്ഷം ഒരുക്കാനുള്ള ആർ.ടി.എയുടെ പ്രതിബദ്ധതയാണ് ഇതിനുപിന്നിൽ.

സൂര്യപ്രകാശം നേരിട്ട് അകത്തേക്ക് അടിക്കുന്നത് തടയുന്നതിനും ചൂട് കുറയ്ക്കുന്നതിനുമുള്ള പ്രത്യേക സംവിധാനങ്ങളോടെയാണ്​ വിശ്രമകേന്ദ്രങ്ങളുടെ പുറംഭാഗം രൂപകൽപന ചെയ്തത്. ഓരോ വിശ്രമകേന്ദ്രത്തിലും എയർകണ്ടീഷൻ ചെയ്ത സൗകര്യത്തിന് പുറമെ വാട്ടർ ഡിസ്‌പെൻസറുകളും മൊബൈൽ ഫോൺ ചാർജിങ്​ സ്റ്റേഷനുകളുമുണ്ട്​. ഒരേ സമയം 10 റൈഡർമാർക്ക് വരെ ഇവിടെ വിശ്രമിക്കാനാകും. ഇതിന് പുറമെ ഡെലിവറി മോട്ടോർസൈക്കിളുകൾ പാർക്ക് ചെയ്യാനുള്ള പ്രത്യേക സ്ഥലവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364022/rta-ready-with-ac-rest-areas-in-dubai-charging-stations-and-cold-water)